
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. മമ്മൂട്ടി, ഷംല ഹംസ, സംവിധായകൻ ചിദംബരം, ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മോഹൻലാലിൻറെ അഭിനന്ദനം.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മികച്ച നടനുള്ള പുരസ്കാരം നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം, മികച്ച നടിയായി ആദരിക്കപ്പെട്ട ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ‘മഞ്ഞുമ്മൽ ബോയ്‌സിന്’ വലിയൊരു കയ്യടി. ഈ വർഷത്തെ മികച്ച പ്രകടനങ്ങൾക്ക് ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ.” മോഹൻലാൽ കുറിച്ചു.
ഇന്നലെ തൃശൂര് വെച്ച് മന്ത്രി സജി ചെറിയാനാണ് 55 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഫെമിനിച്ചി’ ഫാത്തിമയാണ് ഷംലയെ പുരസ്കാരത്തിനർഹയാക്കിയ ചിത്രം. ‘കിഷ്ക്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും ‘ARM’-ലൂടെ ടൊവിനോ തോമസും പ്രത്യേക ജൂറി പരാമർശത്തിനർഹരായി. ലിജോ ജോസ് മോൾ മികച്ച സ്വഭാവ നടിയായും, മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിറും സിദ്ധാർഥ് ഭരതനും തിരഞ്ഞെടുക്കപ്പെട്ടു. മമിത ബൈജു, നസ്ലെൻ തുടങ്ങിയവർ കേന്ദ്ര കഥാപത്രമായെത്തിയ “പ്രേമലു” മികച്ച ജനപ്രിയ ചിത്രമായി. 2023 ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ-ഇന്ത്യൻ സഹനിർമ്മാണ നാടക ചിത്രം ‘പാരഡൈസ്’ പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രമായി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ ഫാസിൽ മുഹമ്മദ് സ്വന്തമാക്കി.
128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.
നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.