
തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും കുടുംബത്തിനായി സമയം മാറ്റിവെക്കുന്ന കാര്യത്തിൽ നടൻ മോഹൻലാൽ എന്നും മാതൃകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള രസകരവും അപൂർവ്വവുമായൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മകളും നടിയുമായ വിസ്മയ മോഹൻലാൽ. എത്ര തിരക്കുണ്ടെങ്കിലും ഒരു ദിവസം എട്ടു മുതൽ പത്തു തവണ വരെ അച്ഛൻ അമ്മയെ (സുചിത്ര) ഫോണിൽ വിളിക്കുമെന്നാണ് വിസ്മയ പറയുന്നത്. ‘മനോരമ ഞായറാഴ്ച’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പർസ്റ്റാറിന്റെ ഈ കുഞ്ഞു ശീലം വിസ്മയ പങ്കുവെച്ചത്.
വിസ്മയയുടെ വെളിപ്പെടുത്തലിന് രസകരമായ മറുപടിയുമായി സുചിത്രയും രംഗത്തെത്തി. മുൻപ് താൻ അങ്ങോട്ട് വിളിക്കുമ്പോൾ ലാലേട്ടൻ തിരക്കിലാവുകയും “സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ” എന്ന് ചോദിക്കുകയും പതിവായിരുന്നുവെന്നും, അത് പിന്നീട് ലാലേട്ടൻ തന്നെ ഇങ്ങോട്ട് വിളിക്കുന്ന ശീലമായി മാറിയതാണെന്നും സുചിത്ര പറയുന്നു. ഫോൺ വിളിച്ചാൽ “ഇന്ന് വർക്കൗട്ട് ചെയ്തോ” എന്നാണ് അദ്ദേഹം ആദ്യം അന്വേഷിക്കാറുള്ളതെന്നും സുചിത്ര കൂട്ടിച്ചേർത്തു.
അച്ഛന്റെയും ചേട്ടൻ പ്രണവിന്റെയും പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തിയ വിസ്മയ, തന്റേതായ നിലപാടുകൾ കൊണ്ടും ഓഫ് സ്ക്രീനിലെ വ്യക്തിത്വം കൊണ്ടും ഇതിനോടകം തന്നെ ജനപ്രീതി നേടിയിട്ടുണ്ട്. കുട്ടികളുടെ ആഗ്രഹങ്ങൾക്ക് അതിരുകളിടാതെ വളർത്തിയ മോഹൻലാലിന്റെയും സുചിത്രയുടെയും parenting രീതിക്കും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ എന്ന ചിത്രത്തിലൂടെയായിരുന്നു വിസ്മയയുടെ അരങ്ങേറ്റം. മികച്ച അഭിനയവും ആക്ഷൻ രംഗങ്ങളും കൊണ്ട് കയ്യടി നേടുന്ന ചിത്രം, ചില കേന്ദ്രങ്ങളിൽ നിന്നുമുയർന്ന ബോയ്ക്കോട്ട് ആഹ്വാനങ്ങളെ കാറ്റിൽപ്പറത്തിയാണ് തിയേറ്ററുകളിൽ മുന്നേറുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് ആഗോളതലത്തിൽ 23 കോടിയിലധികം രൂപയാണ് ചിത്രം വാരിയത്. ആദ്യ ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 4.25 കോടി നേടിയ ‘തുടക്കം’, ആകെ ഇന്ത്യയിൽ നിന്ന് 12 കോടിയും വിദേശത്തുനിന്ന് 11 കോടിയിലധികവും സ്വന്തമാക്കി ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ്.