‘അവൾക്ക് വേണ്ടിയാണ് ഞാൻ നൃത്തം ചെയ്തത്, പ്രാർഥിക്കുന്നത് അവളുടെ ചിത്രത്തിന് മുന്നിൽ’; ചേച്ചിയെ കുറിച്ച് വികാരാധീനയായി ദുഷാര വിജയൻ

','

' ); } ?>

ജീവിതത്തിലെ ഏറ്റവും വലിയ വേദനയെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് തെന്നിന്ത്യൻ നടി ദുഷാര വിജയൻ. പത്ത് വർഷം മുൻപ് മയോപ്പതി എന്ന രോഗത്തെത്തുടർന്ന് തന്റെ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകളാണ് ദുഷാര പങ്കുവെച്ചത്. എസ് എസ് മ്യൂസിക് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

പത്ത് വർഷം മുൻപ് മയോപ്പതി എന്ന രോഗത്തെത്തുടർന്ന് വേർപിരിഞ്ഞുപോയ രണ്ടാം സഹോദരിയാണ് തന്റെ ജീവിതത്തിലെയും കലയിലെയും ആദ്യ പ്രേരണയെന്ന് ദുഷാര വെളിപ്പെടുത്തി. ജനനം മുതൽ കഴുത്തിന് താഴേക്ക് തളർന്നുപോയ അവസ്ഥയിലായിരുന്നു സഹോദരിയെന്ന് ദുഷാര ഓർത്തെടുക്കുന്നു. ‘തോഴ’ എന്ന ചിത്രത്തിൽ നാഗാർജുന അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായ അവസ്ഥയിലായിരുന്നു അവൾ. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും കസേരയിലിരുന്ന് തനിക്ക് നൃത്തച്ചുവടുകൾ പറഞ്ഞുതന്നിരുന്നത് ചേച്ചിയായിരുന്നു. പുറത്തിറങ്ങുമ്പോൾ ദൈവത്തിന് പകരമായി അന്തരിച്ച ചേച്ചിയുടെ ചിത്രത്തിന് മുന്നിലാണ് പ്രാർഥിക്കാറുള്ളതെന്നും, സ്വന്തം കഴിവുകളിലെല്ലാം ആ സാന്നിധ്യമുണ്ടെന്നും വിതുമ്പലോടെ നടി പറഞ്ഞു.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്കെന്നും ഇഷ്ടമെന്ന് വ്യക്തമാക്കിയ താരം, അനിയൻ ഭുവനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും സംസാരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ചെന്നൈയിൽ ഒന്നിച്ചുകഴിയുന്ന താനും അനിയനും തമ്മിൽ അമ്മയും മകനും തമ്മിലുള്ള ബന്ധമാണുള്ളത്. സ്വന്തം കാര്യങ്ങളെല്ലാം തന്നോട് ആലോചിച്ച് മാത്രം തീരുമാനിക്കുന്ന അനിയൻ തന്നെയാണ് തന്റെ യാത്രാപങ്കാളിയെന്നും, അടുത്തിടെ തങ്ങൾ ഒന്നിച്ച് ശ്രീലങ്കൻ യാത്ര നടത്തിയെന്നും ദുഷാര കൂട്ടിച്ചേർത്തു.

എയറോനോട്ടിക്കൽ എഞ്ചിനീയറായ മൂത്ത സഹോദരി നിലവിൽ കാനഡയിലാണ്. അവരുടെ മക്കൾ ഇപ്പോൾ ദുഷാരയ്ക്കൊപ്പമാണ് കഴിയുന്നത്. അമ്മയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും അച്ഛന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയാണ് തന്റെ കരുത്തെന്നും താരം വ്യക്തമാക്കി. ‘കാട്ടാളൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ദുഷാരയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം ‘ജിഡിഎൻ’ ആണ്.