മോഹന്‍ലാലിനെതിരെ ബോഡി ഷെയിമിംങ്ങ് നടത്തിയവര്‍ക്ക് മറുപടിയുമായി ഹരീഷ് പേരടി

സാമൂഹിക മാധ്യമങ്ങളില്‍ മോഹന്‍ലാലിനെതിരേ ബോഡി ഷെയ്മിംങ്ങ് നടത്തിയവര്‍ക്കെതിരേ നടന്‍ ഹരീഷ് പേരടി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രത്തെയാണ് തടി കൂടുതല്‍ ആണെന്ന് കാട്ടി കുറച്ചുപേര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും കളിയാക്കലും ആയി എത്തിയത്. ഇതിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെഫേസ്ബുക്ക് പോസ്റ്റ്..

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത് … ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി … ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്… അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്… അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്….

നിരവധി തവണ ആവര്‍ത്തിച്ച് കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് … ആയോധനകലയിലെ പുലികളായ ഒരുപാട് ശരീരഭാരമുള്ള കളരിഗുരുക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം…