‘പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം’-അനൂപ് മേനോന്‍

കഴിഞ്ഞ ദിവസം വലതു കൈയ്യിലെ പരിക്കില്‍ സര്‍ജറി നടത്തിയ ഡോക്ടറുമൊത്തുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ദുബായിലെ ബുര്‍ജില്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്താണ് സംഭവിച്ചതെന്ന് മോഹന്‍ലാല്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല പകരം പോസ്റ്റില്‍ ഡോക്ടര്‍ക്ക് നന്ദി രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ നടന്‍ അനൂപ് മേനോന്‍ മോഹന്‍ലാലിനെ കുറിച്ചെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ലാലിന്റെ കൈയ്യിലെ പരിക്ക് ബിഗ് ബ്രദര്‍ ഷൂട്ടിങ്ങിനിടെയാണെന്നാണ് അനൂപ് മേനോന്‍ പോസ്റ്റില്‍ പറയുന്നത്.

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംവിധായകന്‍ സിദ്ധിഖിന്റെ ‘ബിഗ് ബ്രദര്‍’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു. എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ. ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്. കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം. ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു.’എന്തു പറ്റി’ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു ദുബായിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ചൊന്നു വീണു.കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.

‘എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്…ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം…നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം…നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ…കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…

സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ ‘ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടന്‍…

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ bandage  ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു…അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ…ഇടയ്‌ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം…നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം…ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.