നടനാനുഭവവുമായി നൃത്യഗൃഹത്തിലേക്ക്

മലയാള സിനിമയിലെ അതികായന്മാരായ സംവിധായകരോടൊപ്പമാണ് വിനീത് എന്ന പ്രതിഭ തന്റെ ചെറുപ്പകാലത്തില്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. ചെറുപ്പത്തിലേ നര്‍ത്തകന്‍ എന്ന നിലയിലും തന്റെ പ്രാവീണ്യം തെളിയിച്ച വിനീത് രാധാകൃഷ്ണന്‍ എന്ന വിനീത് അന്യഭാഷാ ചിത്രങ്ങളിലും സ്വന്തമായ ഒരു സ്ഥാനം അന്നേ കണ്ടെത്തിയിരുന്നു. തന്റെ ആദ്യ കാലത്ത് മലയാളത്തിലെ മുന്‍ നിരതാരങ്ങളോടൊപ്പവും അല്ലാതെയും ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ഇന്നും മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളായി തുടരുന്നു. മോഹന്‍ ലാലിനൊപ്പം വേഷമിട്ട നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കാലാപാനി, കമല ദളം, തിലകനൊപ്പം വേഷമിട്ട കാട്ടുകുതിര, ഇന്ദ്രന്‍സിനും ജഗതിക്കുമൊപ്പം വേഷമിട്ട കാബൂളിവാല എന്നിവയൊക്കെ അക്കൂട്ടത്തിലെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. നാല് വര്‍ഷം അടുപ്പിച്ച് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയാണ് വിനീത് നൃത്തത്തില്‍ തന്നെ അടയാളപ്പെടുത്തുന്നത്. 34വര്‍ഷം നീണ്ടുനിന്ന കരിയറിന് ഒരിളവ് നല്‍കിക്കൊണ്ട് ഈ അതുല്യ നടന്‍ ഇപ്പോള്‍ വീണ്ടും തന്റെ പ്രിയപ്പെട്ട കലയിലേക്ക് ശ്രദ്ധ ചെലുത്താനൊരുങ്ങുകയാണ്. തന്റെ അഭിരുചികളെയും ഗുരുക്കന്മാരില്‍ നിന്ന് അടുത്തറിഞ്ഞ അതുല്യകലയേയും സ്വന്തം വിദ്യാലയമായ നൃത്ത്യഗൃഹത്തിലൂടെ പുതു തലമുറക്ക് പകര്‍ന്ന് നല്‍കാനൊരുങ്ങുകയാണ് വിനീത്. തന്റെ പുതിയ ലക്ഷ്യങ്ങളേക്കുറിച്ചും മലയാള സിനിമയിലെ സ്വപ്‌ന തുല്യമായ ആ കാലഘട്ടത്തേക്കുറിച്ചും വിനീത് സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ്..

 • നൃത്ത്യഗൃഹം നല്‍കുന്ന സന്തോഷം…?

എല്ലാം ദൈവാനുഗ്രഹത്തോടെ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു നര്‍ത്തകന്‍, ഒരു കലാ വിദ്യാര്‍ത്ഥി, ഒരു അഭിനേതാവ് എന്നുള്ള നിലകളിലെല്ലാം എന്റെ ഒരുപാട് കാലത്തെ സ്വപ്‌നമായിരുന്നു നമ്മള്‍ ഗുരുക്കന്മാരില്‍ നിന്ന് പഠിച്ചത് അടുത്ത തലമുറയ്ക്ക് കൈമാറുക എന്നുള്ളത്. ആ വിലപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുക എന്നുള്ളത് ഒരു കലാകാരന്റെ കടമയാണ്… അതിന് സാഹചര്യങ്ങളൊത്ത് വരണം. അതുപോലെ ‘പഠിപ്പിക്കുക’ എന്നുള്ളത് ഒരു പഠനാനുഭവമാണ്. അതുകൊണ്ട് ആ ലേണിങ്ങ് എക്‌സ്പീരിയന്‍സിന് നമ്മള്‍ ഒരുപാട് തയ്യാറായിരിക്കണം. ക്വാളിഫൈഡായിരിക്കണം.അതുകൊണ്ട് സമയം എടുക്കും. അതുപോലെ ഫുള്‍ ഫ്‌ളെജ്ഡായി, ഫോക്കസ്ഡായി പഠിപ്പിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണം. ഇങ്ങനെ എന്റെ ഒരുപാട് പ്രൊഫഷനല്‍ കമ്മിറ്റ്‌മെന്റ്‌സും, ഡാന്‍സ് കമ്മിറ്റ്‌മെന്റ്‌സും ഒക്കെയുള്ളതുകൊണ്ടാണ് എനിക്ക് ഒരു വിദ്യാലയത്തിന്റെ സമ്പ്രദായത്തില്‍ നൃത്തം ഇതുവരെ കൊണ്ടുപോകാന്‍ സാധിക്കാത്തത്. അതായിരിക്കും ഇത്രയും വൈകിയത്. ഞാന്‍ ഏകദേശം ഒരു 15 വര്‍ഷത്തോളമായി ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു സ്‌കൂളായിട്ടില്ലെന്നേയുള്ളു. എന്റെ കൂടെ ചെയ്യുന്ന ഡാന്‍സേഴ്‌സായാലും അവരെയും ഞാന്‍ ട്രെയ്ന്‍ ചെയ്യുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഞാന്‍ പണ്ട് മുതലെ ഒരു അധ്യാപകന്‍ തന്നെയാണ്. പക്ഷെ ഒരു സ്‌കൂള്‍ ഫോര്‍മാറ്റില്‍ ചിട്ടയോടു കൂടി ക്ലാസ് നടത്തുന്നത് ഇതാദ്യമായാണ്.

മറ്റൊരു വലിയ അനുഗ്രഹം എന്റെ ഗുരുക്കന്മാരായ നാട്യാചാര്യര്‍ ഡോ പത്മ സുബ്രമണ്യം, അതുപോലെ കലാമണ്ഡലം സരസ്വതി ടീച്ചര്‍ എന്നിവരുടെ ‘പാദസ്പര്‍ശം’ ഇവിടെ നടന്നു എന്നുള്ളതാണ്. തീര്‍ച്ചയായും ഒരു നൃത്ത വിദ്യാലയം എന്ന നിലയില്‍ ഇവിടെ പഠിക്കാന്‍ വരുന്ന എല്ലാവര്‍ക്കും അതൊരു അനുഗ്രഹമായിരിക്കും. എന്റെ ഗുരു ഡോ പത്മയുടെ ആദ്യ കാലത്തെ ഭരതനാട്യ രീതികളും ഇപ്പോഴത്തെ രീതികളും സമന്വയിപ്പിച്ച് ഉണ്ടാക്കിയ ‘നൃത്ത്യം’ എന്ന ഒരു രീതിയിലാണ് ഞാനിവിടെ പഠിപ്പിക്കാനുദ്ദേശിക്കുന്നത്. ഒരു നൃത്ത വിദ്യാര്‍ത്ഥി എന്ന രീതിയില്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്. അതിന്റെ ആനന്ദം വളരെ ദൈവീകമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നാട്യശാസ്ത്രം പോലെയുള്ള ദൈവീക പുസ്തകങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടാണ് അത് ഉണ്ടാക്കിയിരിക്കുന്നത്. അത്തരമൊരു രീതി അറിയാനും പഠിക്കാനും അതിന്റെ വില എന്താണെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കാനും കൂടിയാണ് നൃത്ത്യഗൃഹത്തിന്റെ ലക്ഷ്യം.

 • നൃത്തത്തില്‍ നിന്ന് തുടങ്ങി, സിനിമയിലെത്തി. ഇപ്പോള്‍ വീണ്ടും നൃത്തത്തിലേക്ക് തന്നെ. വേരുകള്‍ തിരികെ പിടിക്കാനുള്ള ശ്രമമാണോ…?

സത്യത്തില്‍ നൃത്തത്തില്‍ നിന്ന് സിനിമയിലെത്തി എന്ന് പറയാന്‍ കഴിയില്ല. കാരണം, എനിക്കോര്‍മ്മ വെച്ച കാലം തൊട്ടേ ഞാന്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. അതിനിടയില്‍ സിനിമയിലഭിനയിക്കാനുള്ള അവസരം വന്നു. അന്ന് പഠനമായിരുന്നു പ്രധാനം. എന്റെ പ്രാഥമിക വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന അവസരത്തിലാണ് മലയാളത്തിലെ മഹാരഥന്മാരായ സംവിധായകരുടേയും അഭിനേതാക്കളുടെ കൂടെയുമൊക്കെ എനിക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. അത്രയും സമ്പുഷ്ടമായ അനുഭവങ്ങളുള്ള ഒരാള്‍ക്ക് ഒരിക്കലും അതില്‍ നിന്ന് വിട്ടു പോവാന്‍ സാധിക്കില്ല. അതാണ് സിനിമയുടെ ഒരു ‘മാഗ്നെറ്റിക് പവര്‍’ എന്ന് പറയുന്നത്. അത്തരം ദീര്‍ഘ വീക്ഷണമുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുമ്പോഴുണ്ടാകുന്ന പ്രധാന ഗുണം ഒരു നടനെന്ന രീതിയിലുള്ള നമ്മുടെ വളര്‍ച്ചയാണ്. മറിച്ച് അതിന്റെ ലാഭമോഹങ്ങളല്ല. അവരവരുടെ മേഖലകളില്‍ അത്രയും പ്രതിഭാശാലികളായവരോടൊപ്പമാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷെ അതൊരു തൊഴിലായെടുക്കണമെങ്കില്‍ പക്ഷെ നമ്മള്‍ക്കത് ‘മാര്‍ക്കറ്റ്’ ചെയ്യാന്‍ സാധിക്കണം, നമ്മള്‍ സക്‌സസ്ഫുള്ളാവണം. അങ്ങിനെയേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. പക്ഷെ എനിക്ക് ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് നല്ല രണ്ട് അവസരങ്ങളാണ് ലഭിച്ചത്. അതില്‍ ഒന്നായിരുന്നു ‘തകര’യുടെ റീമെയ്ക്കായിരുന്ന ‘ആവാരം പൂ’. അതില്‍ എന്നെയാണ് ഭരതേട്ടന്‍ കാസ്റ്റ് ചെയ്തത്. ഒരു മനസ്സ് പോലും ഇല്ലാതെ, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതി ഞാന്‍ സി എ ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ഇത് നടക്കുന്നത് (ചിരിക്കുന്നു).

ഒരാണായത് കൊണ്ട് സ്വന്തമായി ഒരു ജോലി വേണമെന്ന ഒരു കണ്‍സെപ്റ്റ് ഉണ്ടല്ലോ. പക്ഷെ, ആ സമയത്ത് എനിക്ക് പടങ്ങളോ അങ്ങനെയുള്ള പ്രൊഫഷനല്‍ രീതിയിലോ ഒന്നും വന്നിട്ടില്ലായിരുന്നു. അപ്പോഴാണ് ഭരതേട്ടന്‍ എന്നെ ആ പടത്തിന് വേണ്ടി വിളിക്കുന്നത്. ഭരതേട്ടന്‍ എന്നെ വിളിച്ചപ്പോള്‍ പിന്നെ എനിക്ക് ഒന്നും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കാരണം, അത്രയും വലിയ ഒരു പ്രൊജക്ട്..! ഇളയരാജ സാറിന്റെ സംഗീതം. അത് ഒരു സ്വപ്‌ന പദ്ധതിയാണ്. എന്റെ മാതാപിതാക്കള്‍ തന്നെ പറഞ്ഞു ഇതൊരു ഡിസൈഡിങ്ങ് മൊമെന്റായിരിക്കുമെന്ന്. ”ഇത് നീ ഡിസൈഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അതാണ് നിന്റെ തൊഴില്‍, പിന്നെ അതിന് വേണ്ടി അധ്വാനിക്കേണ്ടി വരും” എന്ന്. അവിടെയാണ് ഭാഗ്യം എന്ന ഒരു വലിയ ഘടകം മുന്നോട്ട് വരുന്നത്… സിനിമയില്‍ ശരിക്കും കഴിവ് മാത്രമല്ല പ്രധാനം, കഠിനമായ അധ്വാനവും, ഒരു പരിധി വരെ ഭാഗ്യവും തീര്‍ച്ചയായും വേണം. വളരെ ടാലന്റഡായ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഇന്ന് സിനിമയിലുണ്ട്. പക്ഷെ അവര്‍ക്കൊന്നും അത് പ്രദര്‍ശിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആ ഭാഗ്യം എങ്ങനെയോ എന്നെ പിന്തുണച്ചു. അങ്ങനെയാണ് ആ സിനിമ ഒരു വിജയമായതും എനിക്ക് ‘സര്‍ഗ്ഗം’ ചെയ്യാന്‍ പറ്റിയതുമൊക്കെ. പിന്നെ അത് പ്രൊഫഷണലി മുന്നോട്ട് പോവുകയായിരുന്നു. അതിന് ശേഷം പിന്നീട് ഞാന്‍ മലയാളത്തിലും തമിഴിലുമൊക്കെയായി ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. പിന്നീടങ്ങോട്ട് ഒരു അഭിനേതാവ് തന്നെയാണല്ലോ. അങ്ങനെയൊരു ഫൗണ്ടേഷന്‍ ആ പടങ്ങളില്‍ നിന്ന് കിട്ടിയത് കൊണ്ടാണ് ഞാന്‍ തന്നെ വളരാന്‍ തുടങ്ങിയത്. പക്ഷെ നൃത്തം എന്റെ കൂടെ തന്നെ എപ്പോഴുമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണ്.അഭിനയം എന്റെ തൊഴിലായിരുന്നത് കൊണ്ട് അതിനോട് ഒരു ഗൗരവവും താല്‍പര്യവും ഉണ്ടായിരുന്നെന്ന് മാത്രം.

‘ഡാന്‍സ് അഭിനയത്തിന്റെ കൂടെ കൊണ്ടുപോവുക’ എന്നത് ഒരു മെയ്ല്‍ ഡാന്‍സര്‍ എന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം സമൂഹത്തില്‍ പൊതുവേയുള്ള ഒരു ധാരണയാണ് ഡാന്‍സ് ചെയ്താല്‍ ഒരു സ്‌ത്രൈണത വരുമെന്ന്. മാസ്സിവായിട്ടുള്ള ഒരു കഥാപാത്രത്തിനൊക്കെ സ്യൂട്ടബിളാവുമോയെന്ന ഒരു ചോദ്യം സ്വാഭാവികമായും വരും. അത് എന്റെ കരിയറില്‍ എനിക്ക് കുറേ നല്ല വേഷങ്ങള്‍ ലഭിക്കുന്നതിനെ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. പക്ഷെ അതിനപ്പുറത്തേക്ക് എനിക്ക് വളരെ ചാലഞ്ചിങ്ങായ റോളുകളും കിട്ടിയിട്ടുണ്ട്. എന്നെ അറിയുന്ന സംവിധായകര്‍ക്ക് നല്ല വേഷങ്ങള്‍ക്കായി എന്നെ ഉപയോഗപ്പെടുത്താനും സാധിച്ചിട്ടുണ്ട്. സിനിമ എന്നതിനോട് പൂര്‍ണമായ കമ്മിറ്റ്‌മെന്റ് ഇല്ലാതെ അത് ഫലിപ്പിക്കാന്‍ കഴിയില്ല. ‘സ്റ്റാര്‍ഡം’ എന്ന ഒരു കാര്യത്തിനൊക്കെ വേണ്ടി നിങ്ങള്‍ തീര്‍ച്ചയായും പ്രിപ്പെയര്‍ ചെയ്യേണ്ടതായി വരും.

 • ‘നൃത്ത്യഗൃഹ’ത്തിന്റെ പ്രത്യേക പഠനരീതികളെക്കുറിച്ച്…?

‘നൃത്ത്യഗൃഹം’ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഫോളോ ചെയ്യുന്നത് ഡോ. പത്മയുടെ പഠനരീതിയാണ്. അതിനനുസരിച്ചുള്ള സിലബസാണ് ഞാന്‍ ഇവിടെ സെറ്റ് ചെയ്യുന്നത്. എനിക്ക് താഴെ രണ്ട് ടീച്ചേഴ്‌സും പ്രവര്‍ത്തിക്കുന്നുണ്ട്. ഞാനാണ് ഇവിടുത്തെ മെയ്ന്‍ ഇന്‍സ്ട്രക്ടര്‍. രണ്ടു തരത്തിലാണ്. ഇതില്‍ പുരുഷന്മാരുടെ ട്രെയ്‌നിങ്ങ് പ്രത്യേക രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാരണം സാധാരണ ഗതിയില്‍ ഒരു ക്ലാസ്സില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കും. ആണ്‍ കുട്ടികള്‍ക്ക് ഒരിക്കലും അവരുടെ സ്വന്തം ശൈലി നഷ്ടപ്പെടാതിരിക്കാനാണ് അവരെ
പ്രത്യേകമായി തന്നെ പഠിപ്പിക്കുന്നത്. കോഴ്‌സസ് എടുക്കുകയാണെങ്കില്‍ പ്രൈമറി കോഴ്‌സ്, നൃത്തപ്രവേശം എന്ന പേരില്‍ 7 മുതല്‍ 17 വരെയുള്ള കുട്ടികള്‍ക്ക് ഒരു സെപ്പറേറ്റ് ക്ലാസുണ്ട്. അതുപോലെ തന്നെ ബോയ്‌സിനും. ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ഇനിയും വരാന്‍ തുടങ്ങിയിട്ടില്ല. പക്ഷെ ഗേള്‍സ് ഒക്കെ വരുന്നുണ്ട്.

അതുപോലെ ‘നൃത്ത ഉന്മേഷ’ എന്ന് പറയുന്ന ഒരു കോഴ്‌സുണ്ട്. കല്യാണം ഒക്കെ കഴിച്ച് നൃത്തം ചെയ്യാനുള്ള ആഗ്രഹമുള്ളവര്‍ക്കും നൃത്തം തിരിച്ച് പിടിക്കണമെന്ന് തോന്നുന്നവര്‍ക്കും, വേണ്ടിയാണ് അതൊരുക്കിയിരിക്കുന്നത്. അവിടെ അവരെ ഇന്ന ടെക്‌നിക് പഠിപ്പിക്കുക എന്നതിനേക്കാളം അവരുടെ പേഴ്‌സണല്‍ സാറ്റിസ്ഫാക്ഷന്‍ നിറവേറ്റുക എന്നതാണ് ഉദ്ദേശ്യം. ഇതൊക്കെയാണ് ഇവിടുത്തെ ബേസിക് കോഴ്‌സസ്. പിന്നെ സ്‌പെഷ്യലായി എന്റെയടുത്ത് ഓരോ ഐറ്റംസ് പഠിക്കാന്‍ വരുന്നവരുമുണ്ട്. ഇതൊരു തുടക്കമായതുകൊണ്ട് എനിക്കും പതിയെ പതിയെ കൂടുതല്‍ കോഴ്‌സുകള്‍ കൊണ്ടുവരാനാണ് ആഗ്രഹം. വളരെ ചിട്ടയോടുകൂടി സിസ്റ്റമാറ്റിക്കായി അത് മുന്നോട്ട് പോകാനാണ് താല്‍പ്പര്യം.

 • യൂത്ത് ഫെസ്റ്റിവലുകള്‍ക്ക് വേണ്ടി ഏതാനും ദിവസങ്ങള്‍കൊണ്ട് നൃത്തം പഠിക്കുന്നുവരുമുണ്ട്. അങ്ങനെയുള്ളവരോട് എന്താണ് പറയാനുള്ളത്…?

സത്യത്തില്‍ അങ്ങനെയുള്ളവരോട് ഒന്നും പറയാന്‍ ഞാന്‍ ആളല്ല. അത് നമുക്ക് ജെനറലൈസ് ചെയ്യാനും പറ്റില്ല. അതെല്ലാം ഓരോരുത്തരുടെ ഇഷ്ടവും താല്‍പ്പര്യവുമൊക്കെയാണ്, ജനങ്ങള്‍ എല്ലാവരും വ്യത്യസ്ഥരാണ്. പിന്നെ പൊതുവേ, അങ്ങനെ ചെയ്യുന്നത് അടിച്ചേല്‍പ്പിക്കലാണ്. പക്ഷെ ഞാന്‍ ഉറപ്പായും പറയും. ചിട്ടയോടും വൃത്തിയോടും കൂടി അത് പഠിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുണ്ടാവും. അതിലാണ് ശരിക്കും നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത്. നമ്മള്‍ പാരമ്പര്യമായ ഒരു കലാരൂപം എന്ന് പറയുമ്പോള്‍, അതിന് അതിന്റെതായ ദിവ്യത്വം ഉണ്ടാവും. വളരെ പ്രാചീനമായ നമ്മുടെ ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം സത്യത്തില്‍ നമ്മള്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.

 • എം.ടിയുടെ ഭാര്യ കൂടെയായ കലാമണ്ഡലം സരസ്വതി ടീച്ചറേക്കുറിച്ച്…?

സരസ്വതി ടീച്ചറുടെ അടുത്ത് നിന്നാണ് ഞാന്‍ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചുതുടങ്ങുന്നത്. അന്ന് എനിക്ക് ടീച്ചറുടെ സ്‌പെഷ്യല്‍ ക്ലാസായിരുന്നു, ഞാന്‍ ഒരിക്കലും ക്ലാസില്‍ ഗേള്‍സിന്റെയൊപ്പം അല്ല പഠിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒരു ആണ്‍കുട്ടി ഡാന്‍സ് പഠിക്കുന്ന പോലെത്തന്നെയാണ് തോന്നിയത്. അടിസ്ഥാന പരമായി നമുക്ക് ഒരു ‘പുരുഷ സൗന്ദര്യം’ ഉണ്ടാവും. അതിനെ എങ്ങനെ വളര്‍ത്തിയെടുത്ത് കൊണ്ടുവരുന്നു എന്നതാണ്. കലാമണ്ഡലം സരസ്വതി ടീച്ചറും ഗുരു ഡോ. പത്മസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരേ ശൈലി തന്നെയാണ് ഒരു തരത്തില്‍ പഠിച്ചിരുന്നത്. അതുപോലെ തന്നെ ടീച്ചറിന്റെ ശിക്ഷണത്തിലാണ് ഞാന്‍ സിനിമയിലേക്കുമെത്തുന്നത്. എം ടി സാര്‍ സജസ്റ്റ് ചെയ്താണ് എന്നെ 1984ല്‍ ആദ്യമായി ഋഷ്യശൃംഗന്റെ വേഷത്തിന് ‘വൈശാലി’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. എം ടി സാര്‍ സജസ്റ്റ് ചെയ്തിട്ടാണ് ഭരതേട്ടന്‍ എന്നെ സ്‌ക്രീന്‍ ടെസ്റ്റിന് വിളിക്കുന്നത്.. അതൊക്കെ ഫിക്‌സ് ചെയ്‌തെങ്കിലും പക്ഷെ അന്ന് ആ പ്രൊജക്ട് നടന്നില്ല. പിന്നെ ഇതേ രീതിയില്‍ ടീച്ചറിന്റെ ഒരു പയ്യനുണ്ടെന്ന് പറഞ്ഞാണ് ശശിയേട്ടന്റെ ‘ഇടനിലങ്ങള്‍’ എന്ന സിനിമയില്‍ ഒരു റോളിനെന്നെ വിളിക്കുന്നത്. അതാണെന്റെ ആദ്യ ചിത്രം.

ഇതുപോലെ തന്നെ വീണ്ടുമൊരിക്കല്‍ ഞാന്‍ ഒരു ക്ലാസ്സിന് പോയ സമയത്താണ് ഹരണ്‍ (ഹരിഹരന്‍) സാറിന്റെ ഒരു പടത്തിന് വേണ്ടി വാസുവേട്ടന്‍(എം ടി സാര്‍) അന്വേഷിക്കുന്നുണ്ട് എന്ന് പറയുന്നത്. ഞാന്‍ ക്ലാസ് കഴിഞ്ഞ് അതിനായി പോകുമ്പോള്‍ കാണുന്ന രംഗം പാട്ടെഴുതാനായിട്ട് ഒ എന്‍ വി സാറിന് എം ടി സാര്‍ കഥ പറഞ്ഞുകൊടുക്കുന്നതാണ്. അന്ന് ഹോട്ടലില്‍ ഇവരൊക്കെ ഇരിക്കുന്നുണ്ട്. അന്ന് സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ കഥ പറയുന്നത് കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അത് ഒരു ഫുള്‍ സ്‌ക്രിപ്റ്റ് നരേഷനാണ്. ഞാന്‍ എം ടി സാറിന്റെ എട്ടോളം പടങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു ഭാഗ്യം അധികം ആര്‍ക്കും കിട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. (പുഞ്ചിരി).

 • എംടി സാര്‍ വിനീതേട്ടനെ ഉപയോഗിച്ച് വാര്‍ത്തെടുത്ത എല്ലാ കഥാപാത്രങ്ങളും തന്നെ കരിങ്കല്ലില്‍ തീര്‍ത്ത ശില്‍പങ്ങള്‍ പോലെയാണ്… സാറിലൂടെ ജനിച്ച അത്തരം കഥാപാത്രങ്ങളേക്കുറിച്ചും ആദ്യ കാലചിത്രങ്ങളേക്കുറിച്ചും…?

ഞാന്‍ മാത്രമല്ല. എം ടി സാറിന്റെ കൈമുദ്ര പതിഞ്ഞ എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളു. ലാലേട്ടന്റെ ‘പഞ്ചാഗ്നി’, ‘അമൃതം ഗമയ’.. അതുപോലെ മമ്മൂക്കയുടെ ‘വടക്കന്‍ വീരഗാഥ’, ‘പഴശ്ശിരാജ’, ‘അനുബന്ധം’, ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്നിവയൊക്കെ അതിനുള്ള ഉദാഹരണങ്ങളാണ്. ഞാന്‍ ചെയ്തത് ‘പരിണയം’, ‘ഏഴാം വരവ്’, ‘ഋതുഭേദം’, ‘അമൃതം ഗമയ’, ‘പരിണയം’ എന്നിവയൊക്കെയാണ്. സര്‍ഗ്ഗത്തിലും എം ടി സാറിന്റെ ഒരു മേല്‍നോട്ടം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏഴോളം ചിത്രങ്ങളില്‍ ഞാനഭിയിച്ചിട്ടുണ്ട്. പരിണയമൊക്കെ ഒരു ആര്‍ട്ടിസ്റ്റിന് കിട്ടുന്ന ഏറ്റവും വലിയ ചാലഞ്ചിങ്ങ് റോളുകളിലൊന്നാണ്. അതുപോലെ തന്നെ ‘ഏഴാം വരവ്’. ഏഴാം വരവിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഞാന്‍ കുറച്ച് നേരം അതില്‍ തന്നെ ലയിച്ച് ഇരിക്കുകയായിരുന്നു. കാരണം അതിലെ അദ്ദേഹത്തിന്റെ ഭാഷയുടെ ഭംഗിയും എഴുത്തിന്റെ ഒരു പ്രത്യേക രീതിയും അങ്ങനെയാണ്. അഭിനേതാക്കള്‍ എന്ന രീതിയില്‍ നമ്മള്‍ക്ക് അത് പഠിച്ച് പറയാന്‍ ഒരു അനുഭവം വേണം. അതൊക്കെ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന നിധി തുല്യമായ മുഹൂര്‍ത്തങ്ങളാണ്.

 • അഭിനയത്തിന്റെ സ്‌കൂളായി മാറിയ സംവിധായകരെക്കുറിച്ച്…?

ഭരതേട്ടന്‍, ഫാസില്‍ സാര്‍, സിബിയേട്ടന്‍, കമലിക്ക, പ്രിയദര്‍ശന്‍ അങ്ങനെ കുറേ പേരുണ്ട്. എം ടിയുടെ ഒരു കഥാപാത്രമൊക്കെ ചെയ്യുമ്പോള്‍ ഭാഷ നല്ല വശമുണ്ടായിരിക്കണം. ഞങ്ങള്‍ക്കതൊട്ടുമില്ലായിരുന്നു.പക്ഷെ ഞങ്ങളെ അത് ട്രെയ്ന്‍ ചെയ്യിപ്പിച്ചു. അതാണതിന്റെ ഭംഗി.അതായത് മോനിഷയ്ക്ക് ‘നഖക്ഷതങ്ങള്‍’ ചെയ്യുമ്പോള്‍ മലയാളമറിയില്ല, അവര്‍ ബാഗ്ലൂരാണ് ജനിച്ച് വളര്‍ന്നത്. ഞാനും ഊട്ടിയില്‍ നിന്ന് ഹൈസ്‌കൂളിലേക്ക് തലശ്ശേരിയില്‍ വരുന്ന സമയമാണ്. അപ്പോള്‍ ബേസിക്കലി ഇംഗ്ലീഷ് തന്നെയായിരുന്നു നമ്മുടെ ഭാഷ. ഷൂട്ടിങ്ങിന് ഒരു നാല് ദിവസം മുമ്പാണ് സെറ്റിലെത്തിയത്. അന്ന് ഭരതന്‍ സാറിന്റെ അസോസിയേറ്റ്‌സായിരുന്നു ജി എസ് വിജയന്‍, ശ്രീക്കുട്ടന്‍ (കൃഷ്ണന്‍ നായര്‍ സാറിന്റെ മകനാണ് ശ്രീക്കുട്ടന്‍) ഇവര്‍ രണ്ടുപേരും രണ്ട് സൈഡില്‍ വടിയും വെച്ചിട്ട് ഇരുന്ന് ഫുള്‍ സ്‌ക്രിപ്റ്റ് നമ്മളെ പഠിപ്പിച്ച് ബൈഹാര്‍ട്ടാക്കും. രാവിലെ മുതല്‍ ഈ ഡയലോഗ്‌സ് ഇരുന്ന് പഠിക്കലാണ് പണി. അങ്ങനെ 4ാം ദിവസമാണ് ഷൂട്ടിങ്ങ് തുടങ്ങുന്നത്. ഹരന്‍ സാര്‍ സെറ്റില്‍ വന്ന് ഡയലോഗ് ഓക്കെയാണെന്ന് ചോദിക്കുമ്പോള്‍, ഓക്കെയായിരിക്കണം. അല്ലെങ്കില്‍ ഇവര്‍ക്ക് കിട്ടും (ചിരി). മോനിഷയും ഞാനും അന്ന് എട്ടിലും പത്തിലുമാണ്. അന്ന് ഒരു ഡയലോഗ് അത്ര കൃത്യമായി, ടൈമിങ്ങോടെ, അതിന്റെ ഭാവമെന്താണെന്ന് മനസ്സിലാക്കി ഗ്രഹിക്കാനുള്ള ഒരു പ്രായമായിട്ടില്ല. പക്ഷെ എനിക്കോര്‍മ്മയുണ്ട്. ഞങ്ങള്‍ ഇരുന്ന് മനപാഠം പഠിച്ചതൊക്കെ ഹരിഹരന്‍ സാര്‍ പറഞ്ഞ് ആ മോഡുലേഷനില്‍ ഞങ്ങളെക്കൊണ്ട് ബൈഹാര്‍ട്ട് ചെയ്യിപ്പിക്കും. ഡബ്ബ് ചെയ്ത കൃഷ്ണ ചന്ദ്രേട്ടന്‍, അമ്പിളിച്ചേച്ചി എന്നിവരുടെ കോണ്‍ട്രിബ്യൂഷനും ആ കഥാപാത്രങ്ങള്‍ക്ക് ലൈഫ് കൊടുത്തിട്ടുണ്ട്. ഇത്തരം അഭിനയത്തിന്റെ നല്ലൊരു ഫൗണ്ടേഷനുള്ളത് കൊണ്ടാണ് തമിഴിലും തെലുങ്കിലുമൊക്കെ പോയി നമ്മള്‍ പടങ്ങള്‍ ചെയ്യുമ്പോഴും നമുക്ക് അത് എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്നത്.

 • സിനിമയിലും ഒരു നര്‍ത്തകനായി അഭിനയിക്കാന്‍ പറ്റുക എന്നുള്ളത് ഏറെ സന്തോഷം തരുന്ന ഒരവസരമാണ്. മറക്കാനാവാത്ത അത്തരം ഒരനുഭവത്തേക്കുറിച്ച് ?

സത്യത്തില്‍ ‘നര്‍ത്തകന്‍’ എന്ന നിലയില്‍ എനിക്ക് സിനിമയില്‍ അധികം അഭിനയിക്കേണ്ടി വന്നിട്ടില്ല. എല്ലാവരും എന്റെ പ്രോഗ്രാംസിലെയും സ്റ്റാര്‍ ഷോസിലെയുമൊക്കെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ഞാന്‍ ഒരു ഡാന്‍സറാണെന്ന് പോലും തിരിച്ചറിയുന്നത്. അല്ലാതെ സിനിമയില്‍ അത്തരം അവസരങ്ങളുണ്ടായിട്ടില്ല. കമലദളത്തിലാണെങ്കിലും ഒരു കഥകളിക്കാരാന്റെ വേഷമാണ്.അതിലെ ഒരു പാട്ടില്‍ കുറച്ച് ഡാന്‍സ് വരും. ‘രാത്രിമഴ’എന്ന സിനിമയില്‍ കണ്ടംപററി ഡാന്‍സ്. ഒരു മുഴുനീള ഡാന്‍സര്‍ എന്ന് പറയുന്ന വേഷം ചിലപ്പോള്‍ ചന്ദ്രമുഖിയില്‍ മാത്രമേ ഉണ്ടാവൂ. പക്ഷെ രണ്ട് മൂന്നു സിനിമകളില്‍ കഥകളി ആധികാരികമായിത്തന്നെ ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിന്റെ ഒരു മുഴുനീള കഥാപാത്രം ഇപ്പോഴും ഞാന്‍ ചെയ്തിട്ടില്ല. (പുഞ്ചിരി). സിനിമയില്‍ ഇപ്പോഴും ഞാന്‍ അത്തരമൊരു കഥാപാത്രത്തിന് വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. അതൊരു തീരാത്ത സ്വപ്‌നമായി ഇപ്പോഴും മുമ്പോട്ട് പോവുകയാണ്. (ചിരിക്കുന്നു)

 • പല സിനിമകളിലും നൃത്തം പഠിക്കാതെ ലാലേട്ടന്‍ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ലാലേട്ടനെക്കുറിച്ച്?

അദ്ദേഹം ഒരു അവതാരമാണ്. എല്ലാത്തിന്റെയും ഒരു സംഗ്രഹം. അദ്ദേഹം ഒന്നും പഠിക്കേണ്ടാതായിട്ടില്ല. നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ അതങ്ങോട്ട് വരികയാണ്. നമ്മള്‍ ഒരു നാട്യ ആചാര്യനെ കാണുന്നത് പോലെയാണത്. അഭിനയത്തിന്റെ ഒരു ചക്രവര്‍ത്തി. ഉദാഹരണത്തിന് ഇത്രയും വര്‍ഷമായി നമ്മള്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇപ്പോഴും നമ്മള്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു മാജിക് പോലെയാണ്. ലൂസിഫറില്‍ തന്നെ അദ്ദേഹത്തിന്റെ മുഴുവന്‍ ഭാവങ്ങളും പ്രസരിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണിലൂടെയാണ്. പൃഥ്വിരാജ് അത് ഉപയോഗപ്പെടുത്തി പ്രേക്ഷകരിലേക്ക് കൊണ്ടുവന്നു എന്നുള്ളതാണ്. അതില്‍ അദ്ദേഹം കണ്ണുകൊണ്ടഭിനയിക്കുകയാണ്. ഇപ്പോഴും അദ്ദേഹത്തില്‍ നിന്നും ഒരുപാട് അത്തരം സാധ്യതകള്‍ കൊണ്ടുവരാനുണ്ടെന്നുള്ളതാണ്. ഭ്രമരംത്തിലെ അദ്ദേഹത്തിന്റെ അഭിനയം സിനിമയുടെയൊക്കെ എത്രയോ മുകളിലാണ്. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘കമലദളം’ എന്നീ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം എനിക്ക് ഒരുപാട് സമയം ചെയ്യേണ്ട റോളുകളുണ്ടായിട്ടുണ്ട്. ഒരാള്‍ ഒരു ഡാന്‍സറാണ്, അല്ലെങ്കില്‍ കഥകളി ആര്‍ട്ടിസ്റ്റാണ് എന്ന് അദ്ദേഹം നമ്മളെ ധരിപ്പിക്കുകയാണ്. അതാണ് ഒരു ‘ആക്ടറുടെ പവര്‍’. എപ്പോഴും ഞാന്‍ അദ്ദേഹത്തെ അത്ഭുതത്തോടെയും അഡ്മിറേഷനോടെയുമാണ് നോക്കിയിട്ടുള്ളത്.

 • മകളോടൊപ്പം ചെയ്ത നൃത്തം എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയെ കുറിച്ച് ?

അത് ഞാനല്ല. എന്റെ ശിഷ്യനായ ഡാന്‍സര്‍ ബോണി മാത്യു ആണ്. ബോണി ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ഡാന്‍സറാണ്. എന്റെ കൂടെ ഏകദേശം 12 വര്‍ഷത്തോളമായി ഉണ്ട്. അതുകൊണ്ട് തന്നെ ബോണി എന്റെ സ്‌റ്റൈല്‍ അഡാപ്റ്റ് ചെയ്തിരിക്കുകയാണ്. അത് ക്ലോസപ് ഒന്നുമില്ലാതെ ഒരു ഫോണില്‍ കാണുമ്പോള്‍ ഞാനാണെന്ന് പെട്ടെന്ന് തോന്നിപ്പോകും. അതുപോലെ അതിലുള്ളത് എന്റെ മകളുമല്ല. എന്റെ മകള്‍ എട്ടിലെത്തിയിട്ടേ ഉള്ളു. അത് അദ്ദേഹത്തിന്റെ കൂടെ ആ റിയാലിറ്റി ഷോയിലുള്ള ഒരു കുട്ടിയാണ്. പക്ഷെ എന്റെ മകള്‍ അവന്തി ഡാന്‍സ് പഠിക്കുന്നുണ്ട്. അവളുടെ അരങ്ങേറ്റം കഴിഞ്ഞു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നേയുള്ളു.

 • എങ്ങനെയാണ് നൃത്തത്തിലേക്ക് വരുന്ന പുതിയ തലമുറയെ നോക്കിക്കാണുന്നത്…?

പുതിയ തലമുറയിലെ ചെറുപ്പക്കാരെല്ലാം ട്രഡിഷണല്‍ ആര്‍ട്‌സിന്റെ വാല്യുവും അത് പഠിച്ചാലുള്ള ഗുണങ്ങളുമെല്ലാം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതിലൂടെ ഒരു കലാരൂപം മാത്രമല്ല അതിന്റെ കൂടെ ഒരുപാട് ക്വാളിറ്റീസും നമ്മള്‍ക്ക് ലഭിക്കുന്നുണ്ട്… ഡിസിപ്ലിന്‍, പങ്ച്വാലിറ്റി, മുതിര്‍ന്നവരോടും ഗുരുക്കന്മാരോടുമുള്ള ബഹുമാനം ഇതെല്ലാം ഇതില്‍ നിന്ന് വരും. അങ്ങനെയുള്ള ട്രെയ്‌നിങ്ങ് ലഭിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാനപരമായി ഒരു റിഫൈന്‍മെന്റ് ഉണ്ടാകും. അത് അവര്‍ ഭാവിയില്‍ എന്ത് ചെയ്യുമ്പോഴും അതിന്റെ കൂടെ പോകും. അതായത് സംഗീതമായും നൃത്തമായാലും ഇത്തരം ശാസ്ത്രീയ പരമായ കലകള്‍ പഠിക്കുന്നവര്‍ക്ക് അടിസ്ഥാനപരമായി ഒരു ഗ്രൗണ്ടിങ്ങ് ഉണ്ടായിരിക്കും. ഒരു ബാലന്‍സ്ഡ് മൈന്‍ഡ് ഉണ്ടാവാന്‍ ഇത് ഒരുപാട് സഹായിക്കും. ഇപ്പോള്‍ ഒരുപാട് സ്റ്റൈല്‍സ് ഓഫ് ഡാന്‍സിങ്ങ് ഉണ്ട്. ബോളിവുഡ് ഡാന്‍സിങ്ങ്, സിനിമാറ്റിക് ഡാന്‍സ്, ജാസ്, വെസ്‌റ്റേണ്‍, ഫോക്ക് അങ്ങനെ ഒരുപാട്. അതെല്ലാം നമുക്ക് സന്തോഷം തരുന്നു. ഒന്നിനെയും കുറഞ്ഞു കാണാന്‍ സാധിക്കില്ല. അതുപോലെ ട്രഡീഷണല്‍ ഡാന്‍സിന്റെ വാല്യു മനസ്സിലാക്കിക്കൊണ്ട് കുട്ടികള്‍ അത് പഠിക്കാന്‍ വരുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

 • പുതിയ സിനിമാ വിശേഷങ്ങള്‍…?

പുതിയതായി ഞാന്‍ കംപ്ലീറ്റ് ചെയ്തിരിക്കുന്നത്, സംവിധായകന്‍ വി കെ പിയുടെ മകള്‍ കാവ്യ സംവിധാനം ചെയ്തിരിക്കുന്ന ഒരു പ്രൊജക്ടാണ്. പേരിട്ടിട്ടില്ല. അതില്‍ വളരെ നല്ലൊരു വേഷം എനിക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ അനശ്വര രാജനാണ് എന്റെയൊപ്പം അഭിനയിക്കുന്നത്. അതുപോലെ ഷ്ബന എന്റെ ഭാര്യയായും അഭിനയിക്കുന്നു. പിന്നെ ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകളും ഉണ്ട്. അതല്ലാതെ തെലുങ്കില്‍ ഒരു വലിയ പ്രോജക്ട്, ഏറെ നാളുകള്‍ക്ക് ശേഷം ചെയ്യുന്നുണ്ട്, പിസി ശ്രീറാമിന്റെ പടമാണ്. മലയാളത്തില്‍ മറ്റൊരു നല്ല പ്രൊജക്ട് കൂടി വരുന്നുണ്ട്. അത് അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ പറയാം. ഇപ്പോള്‍ ഈ ഡാന്‍സ് ടീച്ചിങ്ങിലാണ് എന്റെ ഒരു ഫോക്കസ്. അതിന്റെ കൂടെ തന്നെ നല്ല പടങ്ങള്‍ ചെയ്ത് ബാലന്‍സ് ചെയ്ത് കൊണ്ടുപോകാനാണ് ആഗ്രഹം.

 • പ്രേക്ഷകരോട് പറയാന്‍…?

എനിക്ക് പ്രേക്ഷകരോട് ഡാന്‍സിനേക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട്, പ്രത്യേകിച്ച് പുരുഷന്മാരോട്. ഞാന്‍ കുറേ സ്ഥലങ്ങളില്‍, അമ്പലങ്ങളിലും വേദികളിലുമൊക്കെയായി പെര്‍ഫോം ചെയ്യുന്നുണ്ട്. അത് എവിടെയൊക്കെയാണെങ്കിലും ‘പ്രേക്ഷകര്‍ അത് അംഗീകരിക്കുക’ എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് ഇത്തരം കലാരൂപങ്ങള്‍ എല്ലാവരുടെയും ഉള്ളില്‍ ഉണ്ടെന്നുള്ളതാണ്. കാരണം നമ്മളെല്ലാം ഈ ഭൂമിയില്‍ നിന്ന് വന്നവരാണ്. പക്ഷെ ട്രഡീഷണല്‍ ഡാന്‍സ് ‘എല്ലാവരിലും നമ്മള്‍ എങ്ങനെ എത്തിക്കും?’
എന്നുള്ളതാണ്. ഇവിടെ ഒരു പുരുഷനര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ഒരു നൃത്തം അവതരിപ്പിക്കുമ്പോള്‍ അതില്‍ സന്തോഷത്തോടൊപ്പം പ്രൊഫഷണല്‍ നേട്ടങ്ങളുമുണ്ട്. ഇത് അനുഭവിച്ചറിയാന്‍ ആണ്‍കുട്ടികളും പുരുഷന്മാരും മുന്നോട്ട് വരണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. തലമുറകള്‍ക്ക് മുമ്പ് സ്ത്രീകള്‍ അത് മാസ്റ്റര്‍ ചെയ്ത് അത് അവരുടെ പേരിലേക്ക് വന്നതു കൊണ്ട് നമുക്ക് അതിലെ മാസ്‌കുലിന്‍ എലമെന്റ് നഷ്ടപ്പെട്ടിരിക്കുകയാണ്.പക്ഷെ അത് കൃത്യമായ ഒരു രീതിയില്‍ പഠിച്ചാല്‍ അത് നമ്മള്‍ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ ഒരാഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഇവിടെ വരണം. എന്റെ ഗുരുവില്‍ നിന്ന് പകര്‍ന്ന് തന്ന ആ അറിവുകള്‍ നിങ്ങള്‍ക്കും പകര്‍ന്ന് തരാന്‍ എനിക്ക് കഴിയും.