രാഷ്ട്രീയം എനിക്ക് പറ്റിയതല്ല, ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം-മോഹന്‍ലാല്‍

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തലുമായി താരം രംഗത്ത് എത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല’.

മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. തിരുവനന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍ രംഗത്ത് വന്നത്.