’96’ന്റെ ഓര്‍മ്മയ്ക്ക് സംവിധായകന് വിജയ് സേതുപതിയുടെ സ്‌നേഹസമ്മാനം

വിജയ് സേതുപതിയുടെ കരിയറില്‍ ലഭിച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സംവിധായകന്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തൃഷയായിരുന്നു മറ്റൊരു പ്രധാനം കഥാപാത്രം. 2018ലെ ഏറ്റവും മികച്ച തെന്നിന്ത്യന്‍ ചിത്രമെന്ന നേട്ടവും 96 സ്വന്തമാക്കി.

തന്റെ കരിയറില്‍ ഇത്രയും മനോഹരമായ ചിത്രം സമ്മാനിച്ച സംവിധായകന് സ്‌നേഹസമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്നു ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് വിജയ് സേതുപതി സമ്മാനിച്ചത് എന്നാണ് തമിഴകത്തു നിന്നു വരുന്ന വാര്‍ത്ത. ‘0096’ എന്നതാണ് ബുളളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ .

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.