മാര്‍ഗം കളി ചുവടുവെച്ച് നര്‍ത്തകിയായി ലാല്‍.. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്..

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിലെ ആദ്യ സ്റ്റില്‍ കണ്ട ലാല്‍ ആരാധകര്‍ ഏറെ അത്ഭുതപ്പെട്ടിരുന്നു. തന്റെ ആദ്യകാല ഹാസ്യ ചിത്രങ്ങളിലെ കള്ളച്ചിരിയുമായി ലാല്‍ തന്റെ ചിത്രം പങ്കുവെച്ചപ്പോള്‍ പ്രേക്ഷകര്‍ കരുതിയിരുന്നില്ല, ലാല്‍ അത്തരം അത്ഭുതങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കാന്‍ പോവുകയാണെന്ന്. കാരണം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഇട്ടിമാണിയുടെ ആദ്യ പോസ്റ്ററില്‍ ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മാര്‍ഗം കളിയുടെ ചുവടുകള്‍ വെച്ച് ചട്ടയും മുണ്ടും ചുറ്റി ഒരു തനി നസ്രാണി വേഷത്തിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിക്കൊണ്ട് താരത്തിന്റെ ചിത്രം വൈറലായിരിക്കുകയാണ്. ഒരു ടോട്ടല്‍ കോമഡി എന്റര്‍ടെയ്‌നര്‍ തന്നെയാണ് ചിത്രം പങ്കുവെക്കുന്ന മിക്കവരുടെയും അഭിപ്രായം. അതേ സമയം താരത്തിന്റെ അഭിനയ നടന വൈഭവത്തിനും പ്രശംസകളുമായും ആരാധകര്‍ പോസ്റ്ററിന് താഴെയെത്തിയിട്ടുണ്ട്. ലാല്‍ തന്നെ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിടുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസ് നായിക. സിംഗപ്പൂര്‍, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.