ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുട്ടിമാമ’

എല്ലാ നാട്ടിലും കഥകളില്‍ അല്‍പം മസാല ചേര്‍ത്ത് കേട്ടിരിക്കുന്നവരെ തന്റെ വീരസാഹസങ്ങളാല്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ തള്ളുന്ന ഒരു കഥാപാത്രത്തെ നിങ്ങള്‍ക്ക് പരിചയം കാണും. മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന് ശേഷം വി എം വിനു – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘കുട്ടിമാമ’ അത്തരമൊരു കഥയുമായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ശ്രീനിവാസന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് മകന്‍ ധ്യാന്‍ തന്നെയെത്തിയതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി മാറിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ശ്രീനിവാസന്‍ ഒരു രസികനായ തള്ളുവീരനായെത്തിയ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഏറെ ഓര്‍മ്മിപ്പിക്കുന്നുണ്ട് മനാഫിന്റെ കഥയിലെ കുട്ടിമാമ. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ വി എം വിനു ശ്രീനിവാസനെ കുട്ടിമാമയായി അണിയിച്ചൊരുക്കിയപ്പോള്‍ അങ്ങനെയൊരു കഥാപാത്രം തന്നെ ജനിക്കുകയാണ്. കുട്ടിമാമയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് ധ്യാനും എത്തിയപ്പോള്‍ വി എം വിനു എന്ന സംവിധായകന്റെ കാസ്റ്റിങ്ങ് മികവ് തന്നെയാണ് ചിത്രത്തിന് ആദ്യത്തെ ചുവട് നല്‍കുന്നത്.

തന്റെ നാട്ടിന്‍പുറത്തെ ആള്‍കൂട്ടത്തോട് രസകരമായ ഒരു ബഡായിക്കഥ അവതരിപ്പിക്കുന്ന കുട്ടിമാമയെ പരിചയപ്പെടുത്തക്കിണ്ടൊണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് തന്റെ കഥകള്‍ നാട്ടില്‍ മുഴുവന്‍ പാട്ടാകുന്നതോടെ ശേഖരന്‍ കുട്ടിയെന്ന കുട്ടിമാമയുടെ തള്ള് സഹിക്കവയ്യാതെ വഴിപോക്കര്‍ വരെ ഓടി രക്ഷപ്പെടുകയാണ്. തന്റെ തള്ളുകള്‍ പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും വഴി വെക്കുന്നതോടെ ഏകനായ കുട്ടിമാമയുടെ ആദ്യ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ട് സംവിധായകന്‍ രണ്ടാം പകുതിയിലേക്ക് കടക്കുന്നു.

രണ്ടാം പകുതിയില്‍ കുട്ടിമാമയുടെ പല തള്ളലുകളും സത്യങ്ങളാവുന്നതോടെ കഥയുടെ ഗതി ഒറ്റയടിക്ക് മാറിമറിയുകയാണ്. ആദ്യ പകുതിയില്‍ കുട്ടിമാമയെന്ന കഥാപാത്രത്തെ വെറുക്കുന്ന പ്രേക്ഷകന്‍ രണ്ടാം പകുതിയില്‍ അദ്ദേഹത്തെ ഒന്ന് കൂടി സൂക്ഷിച്ച് നോക്കേണ്ട സാഹചര്യമെത്തുകയാണ്. കഥയുടെ ചുരുളഴിയുന്നതോടെ കുട്ടിമാമ വീണ്ടും നാട്ടില്‍ സ്റ്റാറാവുകയാണ്.

ശ്രീനിവാസന്റെ സാന്നിധ്യം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പിന്നീട് ധ്യാന്‍ കൂടിയെത്തുന്നതോടെ ഈ സാന്നിധ്യം ഇരട്ടിക്കുകയാണ്. സംവിധായകന്‍ വി എം വിനുവും ചിത്രത്തില്‍ ഒരു വ്യത്യസ്ഥ വേഷവുമായെത്തുന്നുണ്ട്. ദുര്‍ഗ കൃഷ്ണയും തന്റെ വേഷം മനോഹരമായി അവതരിപ്പിച്ചു.

വരുണ്‍ വിനുവിന്റെ ആദ്യ ഛായാഗ്രഹണം നല്ല ഒരു ശ്രമമാണെന്ന് തന്നെ പറയാം. ചിത്രത്തിന്റെ ഗ്രാമീണ അന്തരീക്ഷം പ്രേക്ഷകരറിയാതെ വലിയ രീതിയില്‍ തന്നെ ചിത്രത്തിലേക്ക് ഇഴുകിച്ചേരുന്നുണ്ട്. അച്ചു രാജാമണിയുടെ സംഗീതം ചിത്രത്തിന് ആവശ്യമായ ഉണര്‍വ് നല്‍കുന്നുണ്ട്.

പലപ്പോഴും നമുക്ക് ചുറ്റുമുള്ള രസികരായ പല കഥാപാത്രങ്ങളും അവരുടെ യഥാര്‍ത്ഥ ഭംഗി പുറത്തെടുക്കുമ്പോള്‍ വികൃതമായി ആവിഷ്‌കരിക്കപ്പെടാറുണ്ട്. അത്തരം കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കുള്ള, ഒരര്‍ത്ഥത്തില്‍ ആവശ്യമായ ഒരു എത്തിനോട്ടമാണ് കുട്ടിമാമയെന്ന ചിത്രം. അത് രസകരമായി സംവിധായകന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.