അബ്ദുള്ളക്കായുടെ സ്മരണകളുമായി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ രണ്ടാം ഗാനം..

ചിത്രീകരണത്തിനിടെ അസുഖ ബാധിതനായി മരിച്ച കെ ടി സി അബ്ദുള്ളക്കായുടെ ഓര്‍മ്മകളുമായി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. തന്റെ പ്രായത്തെ നിശേഷം വകവെക്കാതെ അഭിനയിക്കാനുള്ള അടങ്ങാത്ത കൊതിയുമായി ആദ്യ ദിവസങ്ങളില്‍ അബ്ദുള്ളക്കാ അഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിദ്യാരന്‍ മാഷും ഷാഹിര്‍ സമദും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബോംബേയിലേക്ക് ജോലിതേടിപ്പോയി പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രിയതമയെ അന്വേഷിച്ചെത്തുന്ന കുഞ്ഞബ്ദുള്ള എന്നയാളുടെ യാത്രയെക്കുറിച്ചാണ് ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള പറയുന്നത്. ചിത്രത്തില്‍ ആദ്യം കുഞ്ഞബ്ദുള്ളയുടെ വേഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കെ ടി സി അബ്ദുള്ളക്കയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് വേഷം ചെയ്യാനായി ഇന്ദ്രന്‍സ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഗാനത്തില്‍ ഇരുവരുടെയും വേഷങ്ങളും അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലും നാടക ലോകത്തും ഒരു പാട് സംഭാനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ സ്മരണയില്‍ സെല്ലുലോയ്ഡ് പങ്കുചേരുന്നു.