‘മോഹന്‍കുമാര്‍ ഫാന്‍സ്’ എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 19നാണ് ചിത്രം തീയറ്ററുകളിലെത്തുക.

കഴിഞ്ഞ മാസം നാലാം തിയതി ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. തീയറ്റര്‍ പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സെക്കന്ഡ് ഷോയ്ക്ക് അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്.

സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്.ചിത്രത്തില്‍ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ശ്രീനിവാസന്‍, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നുത്.