അനുരാഗത്തിന്റെ കഥയായ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ആദ്യ ഗാനം ഉടന്‍ റിലീസ് ചെയ്യും

മലയാളികളുടെ ഹൃദയരാഗങ്ങളിലേക്ക് ഇതാ മറ്റൊരു അനുരാഗഗീതം കൂടി വരുന്നു. എന്നും മലയാള സംഗീതാസ്വാദകര്‍ക്ക് മൂളി നടക്കാന്‍ ഒരു കൂട്ടം ഹിറ്റ് ഗാനങ്ങളും വരുകയാണ്. പ്രണയം, വിരഹം, കൂടെ മധുരം കിനിയുന്ന ഓര്‍മ്മകളുടെ കുട്ടിക്കാലം ഇവയൊക്കെ ഇഴപിരിയാതെ ഒന്നിക്കുന്ന ഈ ഗാനോപഹാരം അണിയിച്ചൊരുക്കിയത് മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താനും പ്രമുഖ സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കറാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗ്ഗീസിനെ നായകനാക്കിയും പ്രശസ്ത നടന്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കിയും ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ കഥയായ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ഗാനം ശ്രോതാക്കളിലേക്ക് എത്തുന്നത്.

‘പകലന്തി ഞാന്‍ കിനാവ് കണ്ടു പച്ചപ്പനങ്കിളിയേ’ എന്ന് തുടങ്ങുന്ന ഈ ഗാനം 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് അബൂബക്കര്‍ ചിട്ടപ്പെടുത്തിയതാണ്. ബാപ്പു വെളിപ്പറമ്പിലിന്റേതാണ് രചന. പുതുതലമുറയിലെ സംഗീത സംവിധായകന്‍ സാജന്‍ കെ റാമാണ് ഈ ഗാനം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി ഒരുക്കിയത്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളടക്കം ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ പഴയ തലമുറയുടെ സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കര്‍ ആദ്യമായി സിനിമയില്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. ഷഹബാസ് അമനാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. അബൂബക്കര്‍ കോഴിക്കോടിന്റെ സംഗീതത്തില്‍ മാപ്പിളപ്പാട്ടിന്റെ പ്രശസ്ത രചയിതാവ് ബാപ്പു വെള്ളിപ്പറമ്പിന്റെ വരികള്‍ക്ക് ഗസലുകളുടെ സുല്‍ത്താനും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകന്‍ ഷഹബാസ് അമാനും ഒന്നിച്ചപ്പോള്‍ പിറവിയെടുത്തത് അതിമനോഹരമായ ഗാനമാണ്. മനോഹരമായ ചിത്രീകരണവും ഈ ഗാനത്തിന് കൊഴുപ്പേകുന്നു.

അബൂബക്കര്‍ സംഗീതം നല്‍കിയ നാല്പതോളം ഗാനങ്ങളാണ് യേശുദാസ് ആലപിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. താന്‍ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് തന്റെയൊരു ഗാനം സിനിമയില്‍ എത്തുന്നതെന്ന് കോഴിക്കോട് അബൂബക്കര്‍ പറയുന്നു. വളരെ യാദൃശ്ചികമായിട്ടാണ് കുഞ്ഞബ്ദുള്ളയിലെ പാട്ടിന് സംഗീതം ഒരുക്കാന്‍ അവസരം ലഭിച്ചത്. വളരെ മനോഹരമായ ഗാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അനശ്വരങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള കോഴിക്കോട് അബൂബക്കര്‍ക്ക് അഭിമാന നിമിഷം കൂടിയാണ് ഈ പുതിയ പാട്ട്. ചിത്രത്തിലെ മറ്റ് രണ്ട് പാട്ടുകള്‍ക്ക് സംഗീതം കൊടുത്തിട്ടുള്ളത് പ്രമുഖ സംഗീത സംവിധായകന്‍ ഫിഷാം അബ്ദുള്‍ വഹാബ് ആണ്. കൂടാതെ സഫര്‍നാമ എന്ന മനോഹരമായ ഹിന്ദിഗാനം പൂര്‍ണ്ണമായും ചിത്രീകരിച്ചത് മുംബൈയിലാണ് എന്നതും മറ്റൊരു പുതുമയാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേഅറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. ആ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മലയാള സിനിമയില്‍ ആവര്‍ത്തിച്ചുവരുന്ന പ്രണയകഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ പ്രണയമെന്ന് സംവിധായകന്‍ ഷാനു സമദ് വ്യക്തമാക്കി. മുംബൈയിലെ മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന ഒരു സിനിമ കൂടിയാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള. പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.