സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക്, ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും കാത്തിരിക്കുന്നു

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

‘സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക് ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു.. Prithviraj Sukumaran – The man who is revving up to be a game changer.. !! എന്നാണ് പൃഥ്വിരാജിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍ പങ്കുവെച്ച വാക്കുകള്‍.

‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായി പോലീസ് യൂണിഫോമിലാണ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി എന്ന കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിക്കുന്നു.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തും ഈ ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രമായ കുര്യനെ അവതരിപ്പിക്കുന്നു. തരികിട സാബു, അനു മോഹന്‍, ജോണി ആന്റണി, സംവിധായകന്‍ അജി ജോണ്‍, അനില്‍ നെടുമങ്ങാട് എന്നിവര്‍ക്കൊപ്പം നായികാനിരയില്‍ അന്ന രേഷ്മ രാജനും ഗൗരി നന്ദയും അണിനിരക്കുന്നു. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. പതിനെട്ടാംപടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ചെയ്യുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും.