“ജോലിസ്ഥലത്തെ മാനസിക പീഡനം”; കമ്മീഷണർക്ക് പരാതി നൽകി ‘അമ്മ’യിലെ ഓഫീസ് മാനേജർ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി ‘അമ്മ’യിലെ ഓഫീസ് മാനേജർ. ജോലിസ്ഥലത്തെ മാനസിക പീഡനത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. ട്രഷററുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതിക്കാരി ആരോപിക്കുന്നു.

ട്രഷറർ അമിത ജോലി ഭാരം അടിച്ചേൽപ്പിക്കാറുണ്ടെന്നും ജോലി സമയം കഴിഞ്ഞും ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും ശല്യപ്പെടുത്താറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഏപ്രിൽ 30-ന് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. കൃത്യമായ കാരണങ്ങളില്ലാതെയാണ് തന്നെ ഒഴിവാക്കിയതെന്നും ഇതിന് പിന്നിൽ പ്രതികാരബുദ്ധിയാണെന്നും അവർ വ്യക്തമാക്കുന്നു.

സംഘടനയുടെ ബൈലോ പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നിരിക്കെ, ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും അവസരം നൽകാതെയാണ് നടപടിയെടുത്തത്. അതിനാൽ പിരിച്ചുവിടൽ അംഗീകരിക്കാനാവില്ലെന്നും ജോലിയിൽ തുടരാൻ ആവശ്യമായ സുരക്ഷയും സഹായവും പൊലീസ് ഉറപ്പാക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവിൽ പരാതി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.