
നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടി രാധിക മേനോൻ. “സന്തോഷ് ഏട്ടാ… ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല” എന്നാണ് രാധിക പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് രാധികയുടെ പ്രതികരണം.
“സന്തോഷ് ഏട്ടാ… ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് സംസാരിച്ചതാണ്, ഇപ്പോൾ ഈ മൗനവും. ചില നഷ്ടങ്ങൾ ഉണ്ടാക്കുന്ന ശൂന്യത നികത്താൻ വാക്കുകൾക്ക് കഴിയില്ല… സ്നേഹത്തോടെ വിട.” രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോഹൻലാലും സുരേഷ്ഗോപിയുമടക്കം നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട്. സന്തോഷ് നായരും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭ്രശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.