മീടൂ-സംവിധായകന്‍ വിദേശയാത്രയും പഠനവും മുടക്കുന്നു: ലീന മണിമേഖല

മീടൂ ആരോപണത്തിന്റെ പേരില്‍ തമിഴ് സംവിധായകന്‍ സുശി ഗണേശന്‍ വിദേശയാത്രയും പഠനവും മുടക്കാന്‍ ശ്രമിക്കുന്നെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. വിക്രം നായകനായ കന്തസ്വാമി, വലിയ വിജയമായ തിരുട്ടു പയലേ എന്നീ സിനിമകളുടെ സംവിധായകനാണ് സുശി ഗണേശന്‍. രണ്ടരവര്‍ഷം മുമ്പ് നടത്തിയ മീടു വെളിപ്പെടുത്തലിന്റെ പേരില്‍ സുശി ഗണേശന്‍ മാനനഷ്ടത്തിന് ഹര്‍ജി നല്‍കുകയും പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ പരാതി നല്‍കുകയും ചെയ്തു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കോടതിനടപടികള്‍ നീട്ടുകയാണെന്നും ലീന മണിമേഖല ആരോപിച്ചു. ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപേരില്‍ 2018ലാണ് ലീന മണിമേഖല സുശി ഗണേശനെതിരേ ആരോപണം ഉന്നയിച്ചത്. 2005ല്‍ ടി.വി. ചാനലിന് വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. 2017ല്‍ ഫെയ്‌സ് ബുക്കിലൂടെ ഈ അനുഭവം പങ്കുവെച്ചെങ്കിലും ആരാണ് പീഡനശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. മീടൂ വെളിപ്പെടുത്തലുകള്‍ വ്യാപകമായതോടെ സുശി ഗണേശന്റെ പേര് പരസ്യമാക്കുകയായിരുന്നു.

പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുശി ഗണേശന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് കൂടാതെ 18 ഹര്‍ജികള്‍ തനിക്കെതിരേ സമര്‍പ്പിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു. കൂടുതല്‍ കേസുകളില്‍ വിചാരണ നടക്കുന്നതിനാല്‍ ഉപരിപഠനത്തിനായി കാനഡയില്‍ പോകാന്‍ കഴിയുന്നില്ല. ‘മാടത്തി’ സിനിമയുടെ പ്രദര്‍ശനത്തിനും പ്രഭാഷണങ്ങള്‍ക്കുമായി വിദേശ സര്‍വകലാശാലകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ കേസിന്റെ വിചാരണ നീളുന്നതിനാല്‍ വിദേശയാത്ര മുടങ്ങിയിരിക്കുകയാണെന്നും ലീന പറഞ്ഞു. തമിഴ് കവിയും അഭിനേത്രിയും ഡോക്യുമെന്ററി സംവിധായകയുമാണ് ലീന മണിമേഖല. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ലീന മൂന്ന് കാവ്യ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

https://youtu.be/n5YJKv0at-A