മമ്മൂട്ടി-നിറഞ്ഞു തുളുമ്പിപ്പോകാത്ത 50 വര്‍ഷം

ഇച്ചാക്ക കഠിനാധ്വാനത്തിലൂടെ നടനാകാന്‍ വേണ്ടി മാത്രം ജീവിച്ചയാളാണ്. ഓരോ നിമിഷവും കഠിനാധ്വാനം ചെയ്യുന്നു. ഞാന്‍ സൗഹൃദങ്ങളിലൂടെ നടനായി പോയ ഒരാളാണ്. ഞാനറിയാതെ ഇവിടെ എത്തിപ്പെട്ട ഒരാള്‍. എനിക്കിപ്പോഴും മമ്മൂട്ടിയെന്ന നടന്റെ ജീവിതവും അഭിനയവും അദ്ഭുതമാണ്. സിനിമകള്‍ കണ്ടും പഠിച്ചും ജീവിക്കുന്ന ഒരാള്‍. ഇതുപോലെ സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്തൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, 50 വര്‍ഷം മുന്‍പുള്ള അതേ മനസ്സോടെയാണു ഇച്ചാക്ക ഇന്നും ജീവിക്കുന്നത്. മോഹന്‍ലാല്‍ മമ്മൂട്ടി എന്ന നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. നിറഞ്ഞു തുളുമ്പിപ്പോകാതെ 50 വര്‍ഷത്തോളം നിറവോടെ കലാരംഗത്തു നില്‍ക്കുക എന്നതു ചെറിയ കാര്യമല്ലെന്ന് മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു വെയ്ക്കുന്നു. എഴുപതാമത്തെ വയസ്സിലും തന്നില്‍ അഭിനയത്തിന്റെ കടലുണ്ടെന്ന് കാണിച്ചു തരുന്ന മലയാളത്തിന്റെ മഹാനടനെ കുറിച്ച് ഇതില്‍പരം വിശദീകരിക്കാനില്ല. പ്രായം കൊണ്ട് മമ്മൂട്ടി ജ്യേഷ്ഠനാണെങ്കിലും ആരാധകര്‍ക്ക് മമ്മൂക്ക, ലാലേട്ടന്‍ എന്നത് ഒരേ മരത്തിന്റെ ഇരു ശാഖകളെന്ന പോലെ മനസ്സിലിടം നേടിയ ബിംബങ്ങളാണ്. സ്വാഭാവികനടന വൈഭവത്തിന്റെ പൂര്‍ണ്ണരൂപമാണ് മോഹന്‍ലാല്‍ എങ്കില്‍ അനുദിനമുള്ള പരിശീലനവും ആത്മസമര്‍പ്പണം കഠിനാധ്വാനവും കൊണ്ട് ബോധപൂര്‍വമായി രൂപപ്പെടുത്തിയെടുത്ത അഭിനയവിസ്മയമാണ് മമ്മൂട്ടി. തൊട്ടടുത്ത് നിന്ന് മമ്മൂട്ടിയെ വീക്ഷിക്കുന്ന മോഹന്‍ലാലിനോളം അദ്ദേഹത്തെ കുറിച്ച് പറയാന്‍ മറ്റാര്‍ക്കാണ് സാധിക്കുക.

വിധേയന്‍, പൊന്തന്‍മാട, സൂര്യമാനസം, അമരം, യാത്ര, ബാബാസാഹിബ് അംബേദ്കര്‍, മതിലുകള്‍, മൃഗയ, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങീ അഭിനയത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കൊടുമുടികളിലൂടെയായിരുന്നു മമ്മൂട്ടിയുടെ സഞ്ചാരം. സിനിമയുടെ ജയപരാജയങ്ങള്‍ക്കുപ്പുറം തന്നിലെ നടന് കൂടുതലായി എന്ത് ചെയ്യാനാകുമെന്ന പരീക്ഷണങ്ങളാല്‍ മമ്മൂട്ടി എപ്പോഴും പ്രേക്ഷകരെ തന്നിലേക്കടുപ്പിച്ച് കൊണ്ടേയിരുന്നു. മാസ്സും, ക്ലാസും എന്ന വ്യത്യാസില്ലാത്ത കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് മുതല്‍ ഈ സൂക്ഷ്മത കാണാം. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി ഇംഗ്ലിഷ് ഭാഷകളിലടക്കം ശ്രദ്ധേയമായ കയ്യൊപ്പു ചാര്‍ത്താന്‍ സാധിച്ചു. വ്യത്യസ്തമായ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മുതല്‍ നഗറ്റീവ് കഥാപാത്രങ്ങള്‍ വരെയുള്ളവ ശ്രദ്ധിച്ചാല്‍ ഒരു നടന്റെ സൂക്ഷ്മതയും ബ്രില്ല്യന്‍സും എന്താണെന്ന് കാണാം. മലയാളത്തിലെ തന്നെ വൈവിധ്യമേറിയ പ്രാദേശിക ഭാഷാപ്രയോഗം വിവിധ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നതില്‍ ഇത്രമാത്രം വിജയിച്ച മറ്റൊരു താരമുണ്ടാവില്ല. ആരാധകര്‍ തമാശയ്ക്ക് കളിയാക്കുന്ന നൃത്തം എന്ന തന്റെ ചെറിയ ന്യൂനതയെ പോലും മനോഹരമായി ഉപയോഗപ്പെടുത്തുന്ന താരത്തെ വിലയിരുത്താന്‍ വാക്കുകള്‍ കൊണ്ടാവില്ല. കാലമേറെ മുന്നോട്ട് പോയാലും അഭിനയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന ഏതൊരാള്‍ക്കും ഈ സര്‍വ്വകലാശാലയിലൂടെയല്ലാതെ പുറത്ത് കടക്കാനാവില്ലെന്നുറപ്പാണ്.

മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം, 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവയെല്ലാം മമ്മുട്ടിയ്ക്ക ലഭിച്ചു 1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് സാന്നിദ്ധ്യമറിയിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. ഒരു നല്ല മനുഷ്യന് മാത്രമേ നല്ല നടനാകാന്‍ കഴിയൂ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന താരമാണ് മമ്മൂട്ടി. അഭിനയത്തിനുമപ്പുറം ജീവകാരുണ്യ മേഖലയിലോ, കുടുംബത്തിലോ എവിടെയുമാകട്ടെ സഹജീവികളോടുള്ള കരുതലും മറയില്ലാത്ത ജീവിതവും തന്നെയാണ് നടനെന്നതിലുമപ്പുറം മമ്മൂട്ടിയെ ഇത്രമേല്‍ ജനകീയനാക്കുന്നത്.