
നടിയും ‘അമ്മ ഭാരവാഹിയുമായ സരയൂ മോഹനെതിരെ ഗുരുതര ആരോപണവുമായി നടി മായ വിശ്വനാഥ്. സംഘടനയുടെ നേതൃത്വത്തിൽ ‘കുടുംബസംഗമം’ ആരംഭിച്ച സമയത്ത് സരയു മോഹന്റെ ഭർത്താവ് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്നും, ഒരു ജനപ്രതിനിധിയായ രമേശ് പിഷാരടിയെ ശ്വേതാ മേനോൻ ‘പിഷു’ എന്ന് പ്രോട്ടോക്കോൾ ലംഘിച്ച് അഭിസംബോധന ചെയ്‌തത് തികച്ചും മോശം പ്രവണതയാണെന്നും, മായ പറഞ്ഞു. കൂടാതെ ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ ‘സൈലൻ്റ് കില്ലർ പോയ്സൺ’ സരയൂ ആണെന്നും മായ ആരോപിച്ചു. ‘സീ മലയാള’ത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മായ.
മായാ വിശ്വനാഥിൻ്റെ വാക്കുകൾ:
“ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ‘സൈലന്റ് കില്ലർ പോയ്‌സൺ’ അത് സരയു മോഹൻ തന്നെയാണ്. ആ സത്യം സംഘടനയിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായി അറിയാം. പക്ഷേ, ആരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളു. മുൻപ് ‘കുടുംബസംഗമം’ ആരംഭിച്ച സമയത്ത് സരയൂ മോഹൻ്റെ ഭർത്താവിനു രണ്ടര ലക്ഷം രൂപയുടെ ഒരു ഓർഡർ കൊടുത്തിരുന്നു. അന്ന് ഞങ്ങളൊക്കെ അതിനെ ശക്തമായി ചോദ്യം ചെയ്തതാണ്. ‘അമ്മ’ എന്ന് പറയുന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്‌തിപരമായി അയച്ച ഒരു ഇമെയിൽ എങ്ങനെയാണ് ഒരു ഓൺലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത്?
അങ്ങനെയാണെങ്കിൽ എൻ്റെ സംഘടനയെക്കുറിച്ച് എനിക്ക് ഇനി എന്ത് വിശ്വാസമാണ് ഉള്ളത്? അവിടെ നടക്കുന്ന എക്‌സിക്യൂട്ടീവ് മീറ്റിങ്ങിലെ പല തീരുമാനങ്ങളും ഭാരവാഹികൾ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഓൺലൈൻ ചാനലുകൾ വാർത്തയാക്കുന്നു. പുറത്തുനിന്നുള്ള ആരും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നില്ലല്ലോ. അപ്പോൾ അകത്തു പറയേണ്ട കാര്യങ്ങൾ എന്തിനാണ് ഇവർ ഒരു ഓൺലൈൻ ചാനൽ വഴി പുറംലോകത്തെ അറിയിക്കുന്നത്? മറ്റുള്ളവരെക്കൊണ്ട് നമ്മളെക്കുറിച്ച് പറയിപ്പിക്കുന്നത് എന്തിനാണ്?
‘അമ്മ’ എന്ന് പറയുന്നത് വെറുമൊരു കൂട്ടായ്‌മയല്ല. അതിൽ ഒട്ടനവധി അമ്മമാരുണ്ട്. ഒരു നേരത്തെ മരുന്ന് വാങ്ങാനും ആഹാരത്തിനും ബുദ്ധിമുട്ടുന്നവർ, അസുഖം വന്നാൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ… അവർക്കൊക്കെ വേണ്ടിയാണ് ഇത് തുടങ്ങിയത്. നമ്മുടെ പ്രസിഡന്റായിരുന്ന ഇന്നസെൻ്റ് അങ്കിളും ഇടവേള ബാബുച്ചേട്ടനും ലാലേട്ടനും മമ്മൂക്കയുമടങ്ങുന്ന ഒരു വലിയ ഗ്രൂപ്പ് ഇതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. അന്ന് ആത്മാർത്ഥമായി കഷ്‌ടപ്പെട്ടവരുടെ പ്രയത്നമൊക്കെ ഇന്ന് എവിടെപ്പോയി? ഞാനും മാലാ പാർവതിയും അവരെ അശ്ലീലം പറഞ്ഞു എന്നാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്. ഞാൻ അവിടെ സംസാരിക്കാൻ കാരണം, ‘സ്ത്രീത്വത്തെ ഒരു ആയുധമായി ഉപയോഗിക്കരുത്’ എന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞതാണ്. ആ വീഡിയോയോ ഓഡിയോയോ അവരുടെ കൈയിലുണ്ടെന്നാണ് അവർ പറയുന്നത്, എങ്കിൽ അവർ അത് പുറത്തുവിടട്ടെ. അതോടൊപ്പം ‘കണക്കുകൾ കൃത്യമായി കാണിക്കൂ’ എന്നും ഞാൻ ആവശ്യപ്പെട്ടു. ഈ പറഞ്ഞതാണോ അശ്ലീലം? ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഒരു കാര്യം ചോദിച്ചാൽ അത് അശ്ലീലമാകുമോ? അതാണ് എനിക്ക് അറിയേണ്ടത്. യഥാർത്ഥത്തിൽ അവരാണ് ആ കമ്മിറ്റിയിൽ മോശം പദപ്രയോഗങ്ങൾ നടത്തുന്നത്. കമ്മിറ്റിയിലുള്ള ഒരു വ്യക്‌തി തന്നെ സാക്ഷ്യപ്പെടുത്തിയത് അവർ ഏറ്റവും കൂടുതൽ അശ്ലീല പദങ്ങൾ ഉപയോഗിക്കാറുണ്ടെന്നാണ്. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് അവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.
ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. എന്ത് മോശമാണ് ഇത്. ഒരു ജനപ്രതിനിധിയെ, ഒരു എം.എ.എൽ.എയെ ശ്വേതാ മേനോൻ അഭിസംബോധന ചെയ്യുന്ന രീതി നമ്മൾ കേട്ടതാണ്. ‘പിഷു പിഷു’ എന്നാണു വിളിക്കുന്നത്. ഞാനൊക്കെ രമേശ് പിഷാരടി എന്ന് പറയുന്ന എം.എൽ.എയുടെ കൂടെ നിൽക്കുന്ന ആളാണ്. പാലക്കാട് നിന്ന് ജനവിശ്വാസം നേടി, നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയാണ് അദ്ദേഹം. അപ്പോൾ ആർക്കൊക്കെയോ അതിലൊരു അസഹിഷ്‌ണുത തോന്നുന്നുണ്ടെന്ന് എനിക്കിപ്പോൾ വ്യക്തമാകുന്നുണ്ട്. അല്ലെങ്കിൽ, അദ്ദേഹം സംസാരിച്ച കാര്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ മാത്രം എത്ര വൃത്തികെട്ട മനസ്സുള്ളവരായിരിക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർ? രണ്ട് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോൾ പലതും പറയും, ശരിയാണ്. എന്നാൽ ഒരു എം.എ.എൽ.എയെ ‘പിഷു പിഷു’ എന്ന് വല്ലാത്തൊരു രീതിയിൽ വിളിക്കുന്നത് ഒട്ടും ശരിയല്ല. പ്രോട്ടോക്കോൾ അനുസരിച്ച് ഒന്നുകിൽ ‘എം.എൽ.എ’ എന്നോ അല്ലെങ്കിൽ ‘സർ’ എന്നോ വിളിക്കാം.
ശ്വേതച്ചേച്ചി അങ്ങനെ വിളിച്ചിട്ട് പോലും അദ്ദേഹം അത് തിരുത്താൻ പോയില്ല. അവിടെയാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ കാലഘട്ടത്തിൽ നമ്മൾ ആരെയൊക്കെ എവിടെയൊക്കെ നിർത്തണമോ അവിടെത്തന്നെ നിർത്തണം. അർഹിക്കുന്ന അതിർവരമ്പുകളിൽ നിർത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ തിരിച്ചടിയാകും.
ഈ അഡ്ഹോക്ക് കമ്മിറ്റി വരുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പല താരങ്ങൾക്കുമുണ്ട്. എന്നാൽ, ഇനി ഈ സിനിമാ സംഘടനയെ നന്നാക്കാൻ ആര് വന്നാലാണ് ശരിയാവുക? കാരണം, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് പോലും ഇപ്പോൾ പിടിയില്ല. ഇപ്പോൾ യൂത്ത് എല്ലാം സംഘടനയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, ധ്യാൻ ശ്രീനിവാസൻ നേതൃത്വത്തിലേക്ക് വരണം. ഇന്നസെന്റിനെപ്പോലെ തന്നെ കാര്യങ്ങൾ ബുദ്ധിപൂർവം സംസാരിക്കാൻ അറിയുന്ന ആളാണ് ധ്യാൻ. ധ്യാൻ വരണം; ധ്യാൻ മാത്രമല്ല, മുൻപ് ഈ സംഘടനയുടെ കാര്യങ്ങളെല്ലാം ഒരൊറ്റയാൾ പോരാട്ടമായി മുന്നോട്ട് കൊണ്ടുപോയത് ഇടവേള ബാബുച്ചേട്ടനാണ്. പക്ഷേ, അദ്ദേഹത്തിൻ്റെ പുറകിൽ ഇന്നസെന്റ് എന്ന മനുഷ്യന്റെ വലിയൊരു ബുദ്ധിയും മമ്മൂക്കയുടെയും ലാലേട്ടന്റെയും പോലുള്ള മുതിർന്ന നടന്മാരുടെ ശക്‌തമായ പിന്തുണയുമുണ്ടായിരുന്നു.
ഇത്രയും വലിയൊരു ചരിത്രമുള്ള സംഘടനയായിട്ടും ഇപ്പോഴുള്ളവർക്ക് ഇത് നന്നായി കൊണ്ടുപോകാൻ പറ്റിയില്ല. അതുകൊണ്ട് ഞാൻ പറയുന്നു, ഇനി മുതിർന്നവർ മാറിനിന്ന് യുവാക്കൾ വരട്ടെ. എന്നാൽ, തങ്ങൾ ഇനിയും മത്സരിക്കുമെന്നും മത്സരിച്ചാൽ ജയിക്കുമെന്നുമാണ് ഇപ്പോഴുള്ള ചിലർ പറയുന്നത്. ഭൂരിഭാഗം ആളുകൾക്കും തങ്ങളെ അവിടെ കാണാൻ താല്‌പര്യമില്ലെന്ന് മനസ്സിലായിട്ടും ഇവർ എന്തിനാണ് വീണ്ടും വരാൻ വാശിപിടിക്കുന്നത്?
കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ ജഗദീഷേട്ടൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നിരുന്നതാണ്. ഞാൻ അന്ന് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നാണ് അദ്ദേഹം തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നത്. അതിന് പിന്നിൽ ശ്വേതാ മേനോൻ എന്ന വ്യക്തിയുടെ എന്തെങ്കിലും തന്ത്രങ്ങളുണ്ടോ എന്ന് എനിക്ക് ഇന്ന് ശക്തമായ സംശയമുണ്ട്. അതുപോലെതന്നെ, ഇലക്ഷന് കഷ്ടിച്ച് മുന്നാല് ആഴ്ച മുൻപാണ് എല്ലാ ഓൺലൈൻ മാധ്യമങ്ങളിലും മാർട്ടിൻ എന്ന് പറയുന്ന ഒരാൾ പ്രത്യക്ഷപ്പെടുന്നത്. ഒരു വീഡിയോയെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ. യഥാർത്ഥത്തിൽ അത് ഇവർ തന്നെ കെട്ടിച്ചമച്ച ഒരു നാടകമായിരുന്നു എന്ന് കഴിഞ്ഞ രണ്ടു മാസമായി എനിക്ക് വലിയ സംശയമുണ്ട്. വേറൊന്നുമല്ല, അന്ന് അവരും അവരുടെ ഭർത്താവും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് മാർട്ടിനെതിരെ മൂന്ന് കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്നാണ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞ് ഇവർ ജയിച്ചതോടെ ആ മാർട്ടിൻ എവിടെപ്പോയി? ആ കേസ് ഇപ്പോൾ എവിടെയായി? ഇവിടെയൊക്കെയാണ് നമുക്ക് ദുരൂഹത തോന്നുന്നത്.
എന്തൊക്കെ അജണ്ടകൾ ഒപ്പിച്ചാണ് ഇവർ ഈ സ്‌ഥാനങ്ങളിലേക്ക് വന്നത്! ഒടുവിൽ, താൻ ഇനി ഇല്ലെന്നും അംഗമല്ലെന്നും പറഞ്ഞ് രാജി വെച്ച് പുറത്തുപോയത് തികച്ചും വൈകാരികവും പക്വതയില്ലാത്തതുമായ ഒരു തീരുമാനമായിരുന്നു. ഇപ്പോൾ അഡ്ഹോക്ക് കമ്മിറ്റിയുടെ ആളുകൾ ഇവരോട് ഔദ്യോഗികമായി രാജിക്കത്ത് ആവശ്യപ്പെടുമ്പോൾ ഇവർ ഫോൺ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്.”