“തിരിച്ചു വരാൻ ഞാനെവിടെയും പോയിട്ടില്ല, നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേർ ആഗ്രഹിക്കുന്നുണ്ടല്ലോ”; മാത്യു തോമസ്

','

' ); } ?>

താൻ സിനിമ വിട്ടുപോയിരുന്നില്ലെന്നും, ചില മുൻ ചിത്രങ്ങൾ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലായിരുന്നെന്നും നടൻ മാത്യു തോമസ്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മാത്യുവിന്റെ പ്രതികരണം. പുതിയ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന സാഹചര്യത്തിലാണ് മാത്യുവിന്റെ പ്രതികരണം.

അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും മാത്യു പറഞ്ഞു. സിനിമയുടെ സംവിധായകൻ ഷഹദിന്റെ വിശ്വാസമാണ് ഈ പൊലീസ് വേഷം ചെയ്യാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്യുവിന്റെ വാക്കുകൾ;

“തിരിച്ചുവരവ് നടത്താൻ ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു. ഞാൻ ഈ അടുത്ത് ചെയ്ത സിനിമകൾ ആളുകളുടെ ഒരു പ്രതീക്ഷയ്ക്ക് ഒത്ത് എത്താൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ആളുകളുടെ പ്രതീക്ഷയ്ക്കൊത്തുള്ള, അതേസമയം അവർക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ കുറച്ചുകാലത്തിന് ശേഷം ചെയ്യാൻ പറ്റി എന്നതിൽ സന്തോഷമുണ്ട്.

പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങളൊക്കെ കേൾക്കുമ്പോൾ അതിലേറെ സന്തോഷം, കാരണം നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേർ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുള്ള കാര്യമാണ്.

ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾക്കൊക്കെ നന്ദി പറയേണ്ടത് സംവിധായകൻ ഷഹദിനോടാണ്. കാരണം ഈയൊരു പൊലീസ് വേഷം ഞാൻ ചെയ്താൽ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കിൽ ആ ഒരു റോൾ ഞാൻ ചെയ്യില്ലായിരുന്നു. ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു.

നമ്മളെ സിനിമയിൽ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കും.”

പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’.