ഈ കടലും പ്രേമനൈരാശ്യോം തമ്മിലെന്താ ബന്ധം..? ആന്‍പ്പന്റെ ഓരോ സംശയങ്ങളേ!

പ്രേമനൈരാശ്യം മൂത്തവരും, വിഷമം തോന്നുന്നവരും എന്തിനാണീ കടല്‍ തീരത്ത് പോയി അതിന്റെ അറ്റത്തേക്ക് നോക്കി നില്‍ക്കുന്നത്…?!എല്ലാവര്‍ക്കുമുള്ള ഒരു സംശയം തന്നെ… ഇത് തന്നെയാണ് മാര്‍ഗ്ഗംകളി എന്ന ചിത്രത്തിലെ ‘വെറൈറ്റി കുടിയന്‍’ റീലോഡഡ് ആന്റപ്പന്റെയും സംശയം.
ഏറെ കാത്തിരിപ്പിനൊടുവില്‍ ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, 96 താരം ഗൗരി എന്നിവര്‍ സ്‌ക്രീനിലേക്കെത്തുന്ന ചിത്രം മാര്‍ഗ്ഗം കളിയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തന്റെ മറ്റു ചിത്രങ്ങളെപ്പോലെ ഏറെ തമാശകളും ഏറെക്കുറയാത്ത ഉടായിപ്പുകളുമായിത്തന്നെയാണ് ബിബിന്‍ ജോര്‍ജ് മാര്‍ഗ്ഗം കളിയിലുമെത്തുന്നത്. എന്നാല്‍ തന്റെ കുറിക്കു കൊള്ളുന്ന രസികന്‍ കൗണ്ടറുകളുമായി നടന്‍ ബൈജു അവതരിപ്പിച്ച കുടിയന്‍ ആന്റപ്പന്റെ കഥാപാത്രം തന്നെയാണ് ട്രെയ്‌ലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ടിക് ടോക് ഉണ്ണി എന്ന രസികന്‍ കഥാപാത്രവുമായി ഹരീഷ് കണാരനും ചിത്രത്തിലെത്തുന്നുണ്ട്. പേര് പോലെ തന്നെ ഒരു മാര്‍ഗവും കിട്ടാതെ വരുമ്പോള്‍ ബിബിനും കൂട്ടരും കളിക്കുന്ന മാര്‍ഗ്ഗംകളിയും പിന്നീട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും രസകരമായി പറയുന്ന ചിത്രമാണ് മാര്‍ഗ്ഗംകളി.

കുട്ടനാടന്‍ മാര്‍പാപ്പയുടെ മികച്ച വിജയത്തിനു ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗ്ഗംകളി. ചാനല്‍ ഷോകളിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് മാര്‍ഗ്ഗം കളിയുടെ തിരക്കഥയൊരുക്കുന്നത്. ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ് വീണ്ടും നായകനായെത്തുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായിക.

കോമഡി എന്റെര്‍റ്റെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രം അനന്യ ഫിലിംസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിദ്ധിഖ്, ധര്‍മ്മജന്‍, ബിന്ദു പണിക്കര്‍, സൗമ്യ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണയും എഡിറ്റിംഗ് ജോണ്‍കുട്ടിയും നിര്‍വഹിക്കുന്നു.