സംവിധായകന്‍ പ്രഷോഭിനൊപ്പം അന്വേഷണത്തിനൊരുങ്ങി ജയസൂര്യ.. !

നിരവധി ചിത്രങ്ങളാണ് മലയാളത്തിലെ വൈവിധ്യമാര്‍ന്ന നടന്‍ ജയസൂര്യയെ ഇപ്പോള്‍ തേടിയെത്തുന്നത്. തൃശ്ശൂര്‍ പൂരം, വെള്ളം, ആട് 3 ഡി, പൂഴിക്കടകന്‍, രാമസേതു, എന്നീ പുതിയ ചിത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയിലെ അനശ്വര നടന്‍ സത്യന്റെ വേഷം വരെ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ താരമൊരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ അണിയറയിലൊരുങ്ങുന്ന തന്റെ മറ്റൊരു ചിത്രത്തിന്റെ പോസ്റ്റര്‍ കൂടി താരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. നവാഗതനായ തിരക്കഥാകൃത്ത് ഫ്രാന്‍സിസ് തോമസിന്റെ കഥയില്‍ പ്രഷോഭ് വിജയന്‍ ഒരുക്കുന്ന അന്വേഷണം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ് തന്റെ പേജിലൂടെ ജയസൂര്യ പങ്കുവെച്ചത് . ഇ 4 എന്റര്‍റ്റെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ഫാമിലി ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ജയസൂര്യ പറയുന്നു. എന്നാല്‍ ഒരു അന്വേഷണ ചിത്രത്തിന്റെ സാധ്യതകള്‍ ഒഴിവാക്കാതെ ‘സത്യത്തിന് എപ്പോഴും വിചിത്ര മുഖമാണ്’ എന്നര്‍ത്ഥം വരുന്ന ‘truth is always bizarre’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ ചരിത്ര നേട്ടം കൈവരിച്ച ലൂസിഫര്‍ എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ്ങ് അപ്പു ഭട്ടതിരി, സംഗീതം ജേക്‌സ് ബിജോയ്, കലാ സംവിധാനം വിനീഷ് ബംഗാലന്‍, ചമയം രഞ്ജിത്ത് മണലിപ്പറമ്പില്‍ എന്നിവര്‍ നിര്‍വഹിക്കും. സെപ്തംബര്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.