
വ്യത്യസ്തമായ അവതരണത്തോടെയും ഹാസ്യത്തിന്റെ പുതുമയോടെയും മലയാള സിനിമയില്‍ പുതിയൊരു വഴിത്തിരിവായി മാറുകയാണ് നവാഗതനായ സംവിധായകന്‍ ശിവപ്രസാദ് ഒരുക്കിയ ‘മരണമാസ്സ്. റിലീസ് ചെയ്ത ദിവസം തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.
സ്ഥിരമായ ഫീല്‍ഗുഡ് സംവിധാനങ്ങൾക്കു പുറമെ, ഡാര്‍ക്ക് കോമഡി പോലൊരു അവതരണ രീതിയും, അത്യാവശ്യത്തിന് ചിരിയുമായി സിനിമ പ്രേക്ഷകരെ ത്രില്ലിംഗായി ആകര്‍ഷിക്കുകയാണ്. ലൂക്ക് എന്ന കഥാപാത്രത്തിലൂടെ ബേസില്‍ ജോസഫ് തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു രീതിയിലുള്ള കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അഭിനയത്തിൽ നിന്നും ലുക്കിൽ വരെയുള്ള മാറ്റങ്ങൾതന്നെ ഈ കഥാപാത്രത്തെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.
സംവിധായകനായ ശിവപ്രസാദ് തന്റെ ആദ്യ സംവിധാനത്തിലൂടെയാണ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ടൊവിനോ തോമസ് നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് നടനും എഴുത്തുകാരനുമായ സിജു സണ്ണിയും ശിവപ്രസാദും ചേർന്നാണ്. സമകാലിക സംഭവങ്ങളും ട്രോളുകളും ചിരിപ്പിക്കുന്ന രീതിയില്‍ ഹാസ്യരംഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അവതരിപ്പിക്കുന്നതിൽ ചിത്രം വലിയ രീതിയിൽ തന്നെ വിജയം കണ്ടിട്ടുണ്ട്.
സുരേഷ് കൃഷ്ണയുടെയും രാജേഷ് മാധവന്റെയും കഥാപാത്രങ്ങള്‍ സിനിമയെ കൂടുതല്‍ പ്രബലമാക്കുന്ന ഘടകങ്ങളാണ്. ശാന്തനായ ബസ് കണ്ടക്ടറായി സിജുവിന്റെയും, പരുക്കന്‍ ബസ് ഡ്രൈവര്‍ ജിക്കുവായി സുരേഷ് കൃഷ്ണയുടെയും പ്രകടനം ഹാസ്യത്തിനൊപ്പം ത്രില്ലും കൂടിക്കലർന്നവയാണ്. രാജേഷ് മാധവന്‍ അവതരിപ്പിക്കുന്ന ബനാന കില്ലര്‍ കഥാപാത്രം വീണ്ടും മലയാള സിനിമ ഈ നടനെ കൂടുതല്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നുണ്ട്.