മരക്കാറുടെ മഹാമാമാങ്കത്തിന് തുടക്കം, അഞ്ചു ഭാഷകളില്‍ ഔദ്യോഗിക ട്രെയ്‌ലര്‍

','

' ); } ?>

നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ മള്‍ട്ടിസ്റ്റാറര്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിഹത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്‌ലറിന്റെ ഹിന്ദി ട്രെയ്‌ലര്‍ അക്ഷയ് കുമാര്‍, തമിഴ് ട്രെയ്‌ലര്‍ സൂര്യ, കന്നഡ ട്രെയ്‌ലര്‍ യാഷ്, തെലുഗു ട്രെയ്‌ലര്‍ ചിരഞ്ജീവി കൊണ്ട്യേല, രാം ചരണ്‍ എന്നിവരാണ് പുറത്തുവിട്ടത്.
‘കടലില്‍ മാന്ത്രിക വിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട്’ ‘ ട്രെയ്‌ലറില്‍ കുഞ്ഞാലിയെ പ്രിയദര്‍ശന്‍ വിശേഷിപ്പിച്ചിരിക്കുന്നത് അങ്ങനെയാണ്.

മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടുള്ള പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രത്തെയും ട്രെയ്‌ലറില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം പ്രിയദര്‍ശന്റെ മകളായ കല്യാണി പ്രിയദര്‍ശനെയും ട്രെയ്‌ലറില്‍ കാണാം. ആദ്യ സൂചനകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എല്ലാ ചേരുവകളും ട്രെയ്‌ലറും നല്‍കുന്നുണ്ട്. പറങ്കികളുമായി നടക്കുന്ന യുദ്ധമാണ് ട്രെയ്ലറില്‍ പ്രധാന പ്രമേയമായി അവതരിപ്പിച്ചിരിക്കുന്നത്. അങ്കിത് സൂരി, രാഹുല്‍ രാജ്, ലണ്ടനില്‍ നിന്നുളള ലൈല്‍ ഇവാന്‍സ് റോഡര്‍ എന്നിവരുടെ പശ്ചാത്തല സംഗീതമാണ് ട്രെയ്ലറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. റോണി റാഫേലാണ് സംഗീതം. അയ്യപ്പന്‍ നായര്‍ എംഎസ് എഡിറ്റിംഗ്.

ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി, തമിഴില്‍ നിന്ന് പ്രഭു ഗണേശന്‍ എന്നിവരും മോഹന്‍ലാലിനൊപ്പം ചിത്രത്തിലെത്തുന്നു. മധു, മഞ്ജു വാര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, സുഹാസിനി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവരെ കൂടാതെ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. സി.ജെ.റോയും ആന്റണി പെരുമ്പാവൂരും സന്തോഷ് കുരുവിളയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും റിലീസിനൊരുങ്ങുന്നു. ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും സംഗീതം റോണി റാഫേലും നിര്‍വ്വഹിക്കുന്നു. മാര്‍ച്ച് 26ന് ലോകമെമ്പാടുമായി ചിത്രം തിയറ്ററുകളിലെത്തും.