മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റെക്കോര്‍ഡ് റിലീസിനൊരുങ്ങുന്നു. കേരളത്തിലെ എല്ലാ തീയറ്ററുകളിലുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ചിത്രം എല്ലാ തീയറ്ററുകളിലും ഒരേസമയം പ്രദര്ശത്തിന് എത്തുന്നത്.
മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. നിലവില്‍ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രം ‘മാസ്റ്റര്‍’ സൃഷ്ടിച്ച ഓളം ‘മരക്കാറി’നും സൃഷ്ടിക്കാനാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍. ‘തിയറ്ററുകള്‍ കുറേനാള്‍ അടഞ്ഞുകിടന്നിട്ട് ഒന്ന് തിറന്നുവരുമ്പോള്‍ ഇത്തരം ഒരു സിനിമ വന്നാലേ ആളുകള്‍ക്ക് വരാന്‍ ഒരു ധൈര്യം കാണൂ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് റിലീസിന് ഉണ്ടായിരുന്നത്. ആ സിനിമ വന്നതുകൊണ്ട് നല്ല തിരക്കായിരുന്നു. ഇതുപോലെ ഒരു മാസ് പടം വന്നെങ്കിലേ തിയറ്ററുകളില്‍ തിരക്ക് വരൂ’, ഫിയോക് ജനറല്‍ സെക്രട്ടറി സുമേഷ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.