മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹഹം തിയേറ്ററിലേക്ക്.നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം തിയേറ്റര്‍ റിലീസിനെത്തുന്നത്.ഡിസംബര്‍ 2 ന് മരക്കാര്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രി സജി ചെറിയാന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
മരക്കാര്‍ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇത് എല്ലാവര്ക്കും സന്തോഷമുണ്ടാക്കുന്നെന്നും മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രത്തിന്റെ പ്രിവ്യൂ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലായിരുന്നു പ്രിവ്യൂ നടത്തിയത്. ചിത്രം കണ്ടവരെല്ലാം വലിയ സ്ക്രീനുകളില്‍ കാണേണ്ട ചിത്രമാണ് മരക്കാര്‍ എന്ന അഭിപ്രായം മുന്നോട്ട് വെച്ചിരുന്നു.
അതോടൊപ്പം,നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകള്‍ക്ക് ഡിസംബര്‍ മുതല്‍ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറില്‍ തന്നെ ചിത്രം തീയേറ്റര്‍ റിലീസിനെത്തുന്നത്.
പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന് എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.