എന്താണ് ‘കിണ്ടാണ്ടം’… ‘കിണ്ടാണ്ട’ങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക രസമുണ്ടെന്നേ

ഗിരീഷ് പുത്തഞ്ചേരി ചന്ദ്രലേഖയിലെ ഗാനത്തിലുപയോഗിച്ച ‘കിണ്ടാണ്ടം’ എന്ന പ്രയോഗത്തിന് വിശദീകരണവുമായി ഗാരചയിതാവ് മനു മഞ്ജിത്. അര്‍ത്ഥമില്ലായ്മയെ കുറിച്ച് ഒരുപാട് വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന വാക്കാണ് ഈ ‘കിണ്ടാണ്ടം’ എന്ന് അദ്ദേഹം പറയുന്നു. ഈ ‘കിണ്ടാണ്ടം’ ശബ്ദതാരാവലിയില്‍ ഇല്ല. എന്നാല്‍ ‘കിണ്ണാണ്ണം’ ഉണ്ട് താനും. അതിന്റെ ബ്രാക്കറ്റില്‍ ‘കിണ്ടാട്ട’വും ഉണ്ട്. ‘രഹസ്യമറിയാന്‍ കുത്തിക്കുത്തി ചോദിക്കല്‍’, ‘അറിവുള്ള കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കല്‍’ എന്നെല്ലാമാണിതിന്റെ അര്‍ത്ഥം. സിനിമയിലെ രംഗവുമായി ഒത്തുനോക്കുമ്പോള്‍ ചില ‘കിണ്ടാണ്ട’ങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക രസമുണ്ടെന്നേ… എന്ന് പറഞ്ഞാണ് മനു കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

ഒന്നാം വട്ടം കണ്ടപ്പോള്‍ പെണ്ണിനുണ്ടായ ‘കിണ്ടാണ്ടം’ രസകരമായ ഒരു സംഗതി ആണ്. അര്‍ത്ഥമില്ലായ്മയെ കുറിച്ച് ഒരുപാട് വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന വാക്കാണ് ഈ ‘കിണ്ടാണ്ടം’. ഗിരീഷേട്ടന്‍ ഏതര്‍ത്ഥത്തില്‍ ആണ് ഉപയോഗിച്ചതെന്നുറപ്പില്ലെങ്കിലും ഒരു ചെറിയ കാര്യം പറയാം. ഈ ‘കിണ്ടാണ്ടം’ ശബ്ദതാരാവലിയില്‍ ഇല്ല. എന്നാല്‍ ‘കിണ്ണാണ്ണം’ ഉണ്ട് താനും. അതിന്റെ ബ്രാക്കറ്റില്‍ ‘കിണ്ടാട്ട’വും ഉണ്ട്. അതിന്റെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ‘രഹസ്യമറിയാന്‍ കുത്തിക്കുത്തി ചോദിക്കല്‍’, ‘അറിവുള്ള കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കല്‍’ എന്നെല്ലാമാണ്. ‘ചന്ദ്രലേഖ’യില്‍ നായിക നായകനെ ആദ്യമായി കാണുന്ന രംഗം ഒന്ന് ഓര്‍ത്തു നോക്കൂ. അപ്പോള്‍ ഇതിലും മികച്ചൊരു വാക്കേതാണ് ? അതാണതിലെ കിളി പാറണ കളി. പിന്നെ ‘കിണ്ടാണ്ടം കാട്ടാതെ’ എന്നെല്ലാം ഗിരീഷേട്ടന്‍ ‘തെച്ചിപ്പൂവേ’ യിലുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ചില ‘കിണ്ടാണ്ട’ങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക രസമുണ്ടെന്നേ…