മഞ്ജു വാര്യര്‍ മൗനം വെടിയണം, ആരോപണങ്ങള്‍ മഞ്ജുവിനെ സഹായിച്ചതിന്റെ പേരില്‍: ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റ പേരില്‍ തനിക്കെതിരെ ഉയരുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് മഞ്ജു വാര്യര്‍ കൂടി കാരണക്കാരിയാണെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തില്‍ മഞ്ജു എത്രയും വേഗം പ്രതികരിക്കുമെന്ന പ്രത്യാശയും പങ്കുവെച്ചു. മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണ്. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് എനിക്ക് ശത്രുക്കളുണ്ടായത്. ഇത് അതിന്റെ ക്ലൈമാക്സാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ് അറ്റാക്കിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.