മലയാളി മനസ്സിലിടം നേടിയ കണ്ണെഴുതി പൊട്ടും തൊട്ട്, ഇന്നലകളില്ലാതെ എന്നീ ഒരുപിടി ചിത്രങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാഴ്‌സ് മമ്മൂട്ടിയും മോഹന്‍ലാലും തന്നെ പുറത്ത് വിട്ടതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇരട്ടിക്കുകയാണ്. ‘ലളിതം സുന്ദരം’ എന്ന തലക്കെട്ടോടെയെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് താരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടുന്നത്. മഞ്ജുവിന്റെ സഹോദരനായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ലളിതം സുന്ദരം എന്ന ചിത്രത്തിനുണ്ട്.
നേരത്തേ ചിത്രത്തേക്കുറിച്ച് സൂചനകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല.
മഞ്ജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി സുകുമാര്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. 41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം. അതേ സമയം താരം തന്നെ പ്രധാന വേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം അടുത്ത ദിവസങ്ങളിലായി തിയറ്ററുകളിലെത്താനിരിക്കുകയാണ്.