മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് ഇരട്ട വേഷത്തില്‍

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന മണിരത്‌നം ചിത്രത്തില്‍ ഐശ്വര്യ റായ് ഇരട്ടവേഷത്തിലെത്തുന്നു. ഡിസംബറില്‍ തായ്‌ലാന്റില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെയും മകളുടെയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നന്ദിനി എന്ന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നന്ദിനി എന്ന കഥാപാത്രത്തിനൊപ്പം നന്ദിനിയുടെ അമ്മ മന്ദാകിനി ദേവിയുടെ വേഷവും ഐശ്വര്യ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ കുറിച്ചുള്ള നോവലാണ് പൊന്നിയിന്‍ സെല്‍വന്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കാര്‍ത്തി, ജയം രവി, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ചിയാന്‍ വിക്രം, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, റാഷി ഖന്ന തുടങ്ങി വന്‍താരനിര തന്നെ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ഛായാഗ്രഹണം രവി വര്‍മന്‍. ചിത്രത്തിന്റ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മണിരത്‌നത്തിന്റെ ചിത്രമായ ‘ഇരുവറി’ലൂടെയായിരുന്നു ഐശ്വര്യ റായുടെ സിനിമാ അരങ്ങേറ്റം. ഇരുവര്‍, ഗുരു, രാവണന്‍ തുടങ്ങി മണിരത്‌നവും ഐശ്വര്യയും കൈകോര്‍ത്ത മൂന്നു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.