
സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി. ക്ലാസ്സിലെ പെൺകുട്ടിയുടെ കാണാതായ പാദസരം താനാണെടുത്തതെന്നും, തന്നെ പുറത്താക്കണമെന്നും സ്കൂളുകാര് പറഞ്ഞെന്ന് മണികണ്ഠൻ പറഞ്ഞു. അവരതൊന്ന് അന്വേഷിക്കുക പോലും ചെയ്യാതെയാണ് തന്നെ കുറ്റക്കാരനാക്കിയതെന്നും, പക്ഷെ താൻ ഭക്ഷണം മോഷ്ടിക്കുമായിരുന്നെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“അച്ഛന്റെ മരണ ശേഷം അമ്മൂമ്മയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളിലായാണ് അമ്മയും ഞാനും സഹോദരങ്ങളും താമസിച്ചത്. അമ്മൂമ്മയുടെ വീടിനടുത്താണ് ഞാൻ പഠിച്ച സ്‌കൂളുള്ളത്. ചെറുപ്പം മുതൽ തന്നെ ഹൈപ്പർ ആക്ടീവ് ആയ ആളാണ് ഞാൻ. സ്‌കൂളിൽ എല്ലാവരുമായി അടിയും വഴക്കുമായി നടക്കുന്ന പ്രായമായിരുന്നു. അങ്ങനെയിരിക്കെയാണ് സ്‌കൂളിൽ ഒരു സംഭവം നടക്കുന്നത്. ക്ലാസിലെ ഒരു കുട്ടിയുടെ സ്വർണത്തിന്റെ പാദസരം കാണാതെ പോയി. അന്വേഷിക്കുക പോലും ചെയ്യാതെ ഞാനാണ് എടുത്തത് എന്ന തീരുമാനത്തിൽ അവരെത്തി. ആ മാഷിന്റെ പേര് ഞാൻ പറയുന്നില്ല. വെറുതെ വേദനിപ്പിക്കണ്ടല്ലോ. മാഷിപ്പോഴും ജീവനോടെയുണ്ടാവും. എന്റെ കയ്യിൽ ആ മാഷ് പിച്ചി. എന്നെ സ്‌കൂളിൽ നിന്നും പുറത്താക്കണം എന്നായി. കള്ളനാണ് എന്നായി.” മണികണ്ഠൻ പറഞ്ഞു
“അതിന് മുന്നേയുള്ള എന്റെ ഹിസ്റ്ററി ഇടിയും ഒന്നും പഠിക്കില്ല പിന്നെ കടലാസ്സ് ചുരുട്ടി എറിയുന്നു, ഉച്ചയ്ക്ക് മുന്നേയുള്ള ഇന്റർവെലിന് കുട്ടികളുടെ ചോറ്റുപാത്രം തുറന്ന് ഓംലെറ്റെല്ലാം കട്ടെടുത്ത് തിന്നിരുന്ന ആളായിരുന്നു ഞാൻ. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. വേറൊന്നും ആവശ്യമില്ല. ആവശ്യമുള്ളത് ഭക്ഷണമാണ്, ഒരുപാട് തിന്നണമെന്നായിരുന്നു ആ പ്രായത്തിൽ, രുചിക്കു വേണ്ടി നാവിങ്ങനെ സമരം ചെയ്തപ്പോൾ കിട്ടാവുന്നത് അടിച്ച് മാറ്റി തിന്നു.” മണികണ്ഠൻ കൂട്ടിച്ചേർത്തു.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു.