ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠന്റേയും ഭാനുമതിയുടേയും വാര്‍ഷികം

ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാര്‍ഷികദിനത്തില്‍ ആ ഓര്‍മ്മയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി നിരഞ്ജന അനൂപ്. യഥാര്‍ത്ഥ മംഗലശ്ശേരി നീലകണ്ഠന്റേയും ഭാനുമതിയുടേയും ഒപ്പം സ്‌ക്രീനിലെ ഭാനുമതിയുമുള്ള ചിത്രവും താരം പങ്കുവെച്ചു. യഥാര്‍ത്ഥ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കൊച്ചുമകള്‍ ആണ് നിരഞ്ജന അനൂപ്. നിരഞ്ജന പോസ്റ്റ് ചെയ്ത ചിത്രം പലരും പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്.

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന താന്തോന്നി പ്രമാണിയെ സ്‌നേഹംകൊണ്ട് തോല്‍പ്പിച്ച ഭാനുമതി. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ദേവാസുരത്തിലെ ആ നായകനെയും നായികയെയും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മോഹന്‍ലാലും രേവതിയും ചേര്‍ന്ന് അവിസ്മരണീയമാക്കിയത് ജീവിതത്തിലെ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്. ഇവരുടെ കൊച്ചുമകള്‍ ഇന്ന് മലയാള സിനിമയിലെ അഭിനേത്രിയായി മാറിയതും വിധികാത്തുവെച്ച സന്തോഷമാകും.

രാജഗോപാല്‍ ഇന്നില്ല. 2002ല്‍ അദ്ദേഹം അന്തരിച്ചു. ഇപ്പോള്‍ ഭാര്യയും മകളും മകളുടെ കുടുംബവുമുണ്ട്. രാജഗോപാലിന്റെയും ലക്ഷ്മിയുടെയും മകള്‍ നാരായണിയുടെയും അനൂപിന്റെയും മകളാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് എഴുതി ഐ.വി.ശശി. സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് വരിക്കാശ്ശേരി മന ചലച്ചിത്ര പ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷനായി മാറിയത്. സംഗീത പ്രേമിയായ രാജഗോപാലിനെ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പരിചയമുണ്ട്. സിനിമയിലെപ്പോലെ തന്നെ ഭാര്യയായിരുന്നു ജീവിതത്തിലെ ‘നീലകണ്ഠന്റെയും’ കരുത്ത്. താന്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടിയതിന്റെ പകുതി പോലും സിനിമയില്‍ രഞ്ജിത്ത് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് രാജഗോപാല്‍ തമാശരൂപേണമുന്‍പ് പറഞ്ഞിട്ടുണ്ട്. രണ്ടു പതിറ്റാണ്ടോളം ശയ്യാവലംബിയായിരുന്നു രാജഗോപാല്‍. രാജഗോപാലും ലക്ഷ്മിയും ഒന്നിച്ചതിന്റെ വാര്‍ഷികത്തിലാണ് സ്‌ക്രീനിലെ ഭാനുമതിയായ രേവതിക്കൊപ്പമുള്ള ചിത്രം അവരുടെ കൊച്ചുമകള്‍ കൂടെയായ നിരഞ്ജന പോസ്റ്റ് ചെയ്തത്.