‘എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്…’; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

','

' ); } ?>

മലയാള സിനിമയുടെ പെരുന്തച്ചൻ മധുവിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാൾ. ആറു പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ നെടുംതൂണായി നിലകൊള്ളുന്ന പ്രതിഭയ്ക്ക് പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, പ്രിയപ്പെട്ട മധുവിന് പിറന്നാൾ ആശംസകളുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തി. “ഹാപ്പി ബർത്ത് ഡേ മൈ സൂപ്പർ സ്റ്റാർ” എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിലൊരാളായ മമ്മൂട്ടി തന്റെ സ്വന്തം സൂപ്പർ സ്റ്റാർ മധുസാറാണെന്ന് പലതവണ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം സോഷ്യൽ മീഡിയയിലും സിനിമാലോകത്തും വലിയ തരംഗമായി മാറിയിരിക്കുകയാണ്.

അധ്യാപകനായി ജീവിതം തുടങ്ങേണ്ടിയിരുന്ന മാധവൻ നായർ എന്ന തിരുവനന്തപുരംകാരൻ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് നാടകക്കളരിയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും ചുവടുവെച്ചത്. എം.എൻ. പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം, പ്രേംനസീറും സത്യനും അടക്കിവാണിരുന്ന സുവർണ്ണ കാലഘട്ടത്തിൽ മലയാളിയുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹം, പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പതിനാറോളം സിനിമകൾ നിർമിക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഏടുകൾ എഴുതിച്ചേർത്തു. സിനിമാ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരുമാണ് ഇതിനോടകം മലയാള സിനിമയുടെ കാരണവർക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.