മാമാങ്കം : ആദ്യ പകുതിയില്‍ പെണ്‍വേഷത്തില്‍ തകര്‍ത്താടി മമ്മൂട്ടി

മലയാളത്തിന്റെ എക്കാലത്തെയും വലിയ ചരിത്ര സിനിമ മാമാങ്കം ഏറെ പ്രതീക്ഷകളുമായി തിയറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകളുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ വളരെ മികച്ച റിപ്പോര്‍ട്ടുകള്‍ തന്നെയാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്. എന്നാല്‍ കാണികളെ എല്ലാവരെയും ഒരുപോലെ ഇപ്പോള്‍ അമ്പരിപ്പിച്ചുകൊണ്ടിരിക്കുന്നത് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ സ്ത്രീ വേഷത്തിലെത്തിയിരിക്കുന്ന മമ്മൂക്ക തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പകുതിയില്‍ മമ്മൂക്കയുടെ ഒരു കിടിലന്‍ ഡാന്‍സും ഈ വേഷത്തിലുണ്ടെന്നാണ് സൂചന.

സാമൂതിരി കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന മഹാഉത്സവമായിരുന്നു മാമാങ്കം. മകരമാസത്തിലെ അമാവാസിക്കും (കറുത്തവാവ്) കുംഭമാസത്തിലെ കറുത്തവാവിനും ഇടയ്ക്കു വരുന്ന മകംനാളിലാണ് മാമാങ്കം സാധാരണ കൊണ്ടാടിയിരുന്നത്. പിന്നീട് വള്ളുവനാട്ടില്‍ അധികാരം സ്ഥാപിക്കാനായി കോനാതിരിയും കോഴിക്കോട്ടെ സാമൂതിരിയും തമ്മില്‍ നടന്നുകൊണ്ടിരുന്ന ഒരു ചാവേര്‍ പോരായി മാമാങ്കം മാറുകയായിരുന്നു. 1755 വരെ കേരളത്തില്‍ മാമാങ്കം നടത്തപ്പെട്ടിരുന്നതായാണ് ചരിത്രം പറയുന്നത്. 1979ല്‍ പുറത്തിറങ്ങിയ മാമാങ്കത്തിന്റെ ആദ്യ ചിത്രത്തില്‍ നസീറിനു പകരക്കാരനായാണ് പുതിയ ചിത്രത്തില്‍ നായകനായി ഇപ്പോള്‍ മമ്മൂട്ടിയെത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പേരന്‍പ്(തമിഴ്), യാത്ര(തെലുങ്ക്), ഉണ്ട(മലയാളം) എന്നിങ്ങനെ മൂന്ന് ഭാഷകളിലെയും ചിത്രങ്ങളിലൂടെ പുരസ്‌കാരങ്ങള്‍ക്ക് പരാമര്‍ശം ലഭിച്ച മമ്മൂക്കയുടെ മാമാങ്കത്തിലെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് നേരത്തെ സിനിമാപ്രേമികള്‍ക്കിടയില്‍ സജീവമായ ചര്‍ച്ചയുണ്ടായിരുന്നു.