രജനികാന്തിനൊപ്പം മമ്മൂട്ടി വീണ്ടും..? ചിത്രം പങ്കുവെച്ച് മുരുഗദോസ്

രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിനിടെ മുരുഗദോസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം മുരുഗദോസ് പങ്കുവെച്ചത്. മമ്മൂട്ടിയും രജനിയും ഒന്നിച്ചഭിനയിച്ച ‘ദളപതി’യിലെ ചിത്രമാണ് മുരുഗദോസ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെയ്ക്കാനുണ്ടായ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. ദര്‍ബാറില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രചരണമാണ് ശക്തമായിരിക്കുന്നത്. അതോടൊപ്പം മുരുഗദോസിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും രജനിയും ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ദര്‍ബാര്‍’ സിനിമയുടെ പ്രഖ്യാപനം നടക്കും മുന്‍പേ മമ്മൂട്ടിയും രജനിയും മുരുഗദോസ് ചിത്രത്തില്‍ ഒന്നിക്കും എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.