3 ദിവസം നീണ്ട സ്ക്രിപ്റ്റ് റീഡിങ് സെഷൻ; തിരക്കഥ കേൾക്കുന്നതിലെ മമ്മൂട്ടി സ്റ്റൈൽ വിവരിച്ച് രാജ്കുമാർ

','

' ); } ?>

‘ഓം – ചാപ്റ്റർ 1: ഉദിരം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ വായിച്ചു കേൾപ്പിക്കാനെത്തിയപ്പോൾ മമ്മൂട്ടിയിൽ പ്രകടമായ അർപ്പണബോധവും കൃത്യനിഷ്ഠയും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി. ഷൂട്ടിങ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുൻപ് കൊച്ചിയിൽ വെച്ച് രണ്ടര ദിവസത്തോളം സമയമെടുത്താണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ പൂർണ്ണമായും കേട്ടതെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

ആദ്യ ദിവസം ചിത്രത്തിന്റെ ആദ്യ പകുതിയും, രണ്ടാമത്തെ ദിവസം രണ്ടാം പകുതിയും, മൂന്നാമത്തെ ദിവസമാണ് അദ്ദേഹത്തിന്റെ സ്വന്തം രംഗങ്ങൾ മാത്രമായും വായിച്ചു കേൾപ്പിച്ചതെന്ന് രാജ്കുമാർ പറഞ്ഞു. സാധാരണഗതിയിൽ അഭിനേതാക്കൾ അവരവരുടെ ഭാഗങ്ങൾ മാത്രമാണ് വായിച്ചുകേൾക്കാറുള്ളതെന്നും, എന്നാൽ സിനിമയുടെ മൊത്തത്തിലുള്ള ഘടനയും പ്രമേയവും മനസ്സിലാക്കാൻ ആദ്യം മുതൽ അവസാനം വരെ തിരക്കഥ കേൾക്കുന്നതാണ് മമ്മൂട്ടിയുടെ രീതിയെന്നും സംവിധായകൻ വ്യക്തമാക്കി.

തിരക്കഥ പൂർണ്ണമായി കേട്ട ശേഷം സ്വന്തം കഥാപാത്രത്തെക്കുറിച്ചുള്ള ചെറിയ കാര്യങ്ങളേക്കാൾ, കഥയുടെ മൊത്തത്തിലുള്ള വിശദാംശങ്ങളെക്കുറിച്ചാണ് അദ്ദേഹം സംശയങ്ങൾ ചോദിച്ചതെന്നും കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അദ്ദേഹം സെറ്റിലെത്തുന്നതെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു.

‘അമരൻ’ എന്ന വൻ വിജയത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും ധനുഷുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ‘കാർത്തികേയൻ’ എന്ന കുപ്രസിദ്ധ ഗ്യാങ്സ്റ്ററായാണ് മമ്മൂട്ടി വേഷമിടുന്നത്. സായ് പല്ലവി, ശ്രീലീല എന്നിവരും ചിത്രത്തിലുണ്ട്. സായ് അഭ്യങ്കർ സംഗീതമൊരുക്കിയ മമ്മൂട്ടിയുടെ ‘സിയ എൻട്രി’ എന്ന ക്യാരക്ടർ ടീസർ നേരത്തെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 2017-ൽ ‘രംഗൂൺ’ എന്ന ചിത്രത്തിലൂടെയാണ് രാജ്കുമാർ പെരിയസാമി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

രാജ്കുമാർ പെരിയസാമിയുടെ വാക്കുകൾ:

‘ഓമിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്ത് ദിവസം മുൻപാണ് മമ്മൂട്ടി സർ എന്നെ കൊച്ചിയിലേക്ക് വിളിക്കുന്നത്. രാത്രിയിലെ സമയമൊഴിച്ച് ബാക്കി രണ്ടര ദിവസവും അദ്ദേഹം സ്ക്രിപ്റ്റ് കേൾക്കാനായി മാറ്റിവെച്ചു. ഞാൻ സ്ക്രിപ്റ്റ് വായിച്ചുകൊടുക്കും, സാർ അത് കേട്ടിരിക്കും.  ആദ്യ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വായിച്ചു കേൾപ്പിച്ചു, രണ്ടാമത്തെ ദിവസം സെക്കൻഡ് ഹാഫും. മൂന്നാമത്തെ ദിവസമാണ് അദ്ദേഹത്തിന്റെ സീനുകൾ മാത്രം പ്രത്യേകമായി വായിച്ചത്. അതാണ് അദ്ദേഹത്തിന്റെ രീതി.

സാധാരണ സ്ക്രിപ്റ്റ് റീഡിങ് സെഷനുകളിൽ എല്ലാ ആർട്ടിസ്റ്റുകളും അവരവരുടെ പോർഷൻസ് വായിക്കുകയാണ് ചെയ്യാറുള്ളത്. ലാഗ് എവിടെയാണുള്ളത്, സൈലൻസ് എവിടെയാണുള്ളത് എന്നെല്ലാം അങ്ങനെ ചെയ്യുമ്പോൾ മനസ്സിലാകും. എന്നാൽ മുഴുവൻ സ്ക്രിപ്റ്റും ആദ്യം മുതൽ അവസാനം വരെ കേൾക്കുക എന്നതാണ് മമ്മൂട്ടി സറിന്റെ രീതി.  ഇതെല്ലാം കേട്ട ശേഷം അദ്ദേഹം സംശയങ്ങൾ ചോദിക്കും. സ്വന്തം കഥാപാത്രത്തെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ചോദിക്കാറുള്ളൂ, പകരം കഥയിലെ ഓരോ വിവരങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കും. എല്ലാവിധ തയ്യാറെടുപ്പുകളോടെയുമാണ് അദ്ദേഹം സെറ്റിലെത്തുന്നത്. മമ്മൂട്ടി സറിന്റെ ഈ കൃത്യനിഷ്ഠയും തയ്യാറെടുപ്പുകളുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.