
വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിലെ ചലച്ചിത്ര വേദിക്ക് വാഗ്‌ദാനം ചെയ്‌ത എല്ലാ ആനുകൂല്യങ്ങൾക്കും നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ സർക്കാരിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് കൊണ്ട് പൃഥിരാജ്, മോഹൻലാൽ, ടൊവിനോ, ആന്റോ ജോസഫ് എന്നിവർ രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇൻ്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സാംസ്‌കാരിക-സിനിമാവികസനത്തിനായി സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയും കൂടാതെ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിൻ്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആൻ്റി പൈറസി സെൽ തുടങ്ങിയവയും വെള്ളിയാഴ്‌ച അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.