
കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിൻ്റെ നിർമാതാവ് വിപുൽ അമൃത്ലാൽ ഷായ്ക്ക് നോട്ടീസയച്ച് കേരളാ ഹൈക്കോടതി. കേരളത്തെ അവഹേളിക്കുന്ന ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് ‘കേരള’ത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള പുതിയ ഹർജിയിലാണ് നടപടി. ചിത്രം ഇതിനകം പുറത്തിറങ്ങുകയും നിരവധി പേർ കാണുകയും ചെയ്തതിനാൽ ഹർജിക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചിരുന്നു.
ഡിജിറ്റൽ റിലീസ് വരാനിരിക്കുന്നതിനാൽ പോരാട്ടം നിർണായകമാണെന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ചെൽസൺ ചെമ്പരത്തി കോടതിയോട് പറഞ്ഞു. ഹർജി തള്ളണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.
ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിലക്കിനെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി മറികടന്ന് ഫെബ്രുവരി 27-നാണ് കേരളാ സ്റ്റോറി 2 തിയേറ്ററുകളിലെത്തിയത്. വ്യത്യസ്ത മത, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സ്‌പർധ സൃഷ്‌ടിക്കുമെന്നും ദേശീയ ഐക്യത്തിന് എതിരാണെന്നും പൊതുസമാധാനത്തെ തകർക്കാൻ മനഃപൂർവമായ് മതവിശ്വാസങ്ങളെ അപമാനിക്കുകയാണെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.