ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്

കൊവിഡിന്റെ രാണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ മെയ് 16വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സര്‍ക്കാര്‍.കൊവിഡ് സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നടന്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ പുറത്തിറങ്ങിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണെന്നും,വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദേശവും എന്നാണ് താരത്തിന്റെ ശബ്ദത്തിലുളള വീഡിയോയില്‍ പറയുന്നത്.

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം ,എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

പ്രിയ താരത്തിന്റെ ശബ്ദത്തിലുള്ള ഈ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കഴിഞ്ഞു. സിനിമ മേഖലയില്‍ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ മോഹന്‍ലാലും കൊവിഡ് സന്ദോശം നല്‍കി എത്തിയിരുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാള്‍ മാരകമായി തുടരുന്ന ഈ സാഹചര്യത്തില്‍ നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും പൊതു സമൂഹങ്ങളില്‍ ഇടപെഴുകുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക. കൂടെകൂടെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് വൃത്തിയായി കഴുകുക. എല്ലാത്തിനും ഉപരി അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. കഴിയുന്നതും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ച് വീടുകളില്‍ തന്നെ കഴിയുക. മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം.