ഉത്തരവാദിത്വമുള്ള ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ് രാജ്…

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ തീരുമാനത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.ട്വീറ്റ് ചെയ്ത് കൊണ്ടാണ് അദ്ദേഹം പ്രശംസ അറിയിച്ചിരിക്കുന്നത്.ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

പ്രകാശ് രാജ് ട്വീറ്റ്

‘ഉത്തരവാദിത്വമുള്ള ഭരണം. ഒരു പാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. പിണറായി വിജയന്റെ ട്വീറ്റും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകല്‍ ഇത്തരത്തിലുള്ള തികച്ചും ഒഴിച്ചു കൂടാനാകാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.