“അംഗീകാരം പ്രേക്ഷകർക്ക് സമർപ്പിക്കുന്നു”; ജേതാക്കളുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദനം അറിയിച്ച് മമ്മൂട്ടി

','

' ); } ?>

“ഭ്രമയുഗ”ത്തിലെ സഹപ്രവർത്തകർക്കും പുരസ്‌കാരം നേടിയ മറ്റു വിജയികൾക്കും അഭിനന്ദനമറിയിച്ച് നടൻ മമ്മൂട്ടി. സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ ജേതാക്കളുടെ പേരെടുത്തു പറഞ്ഞാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. അണിയറപ്രവർത്തകർക്ക് നന്ദിയെന്നും, അംഗീകാരം പ്രേക്ഷകർക്ക് സമർപ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഷംല ഹംസ, ആസിഫ്, ടൊവീനോ, സൗബിൻ, സിദ്ധാർത്ഥ്, ജ്യോതിർമയി, ദർശന, ചിദംബരം, ‘മഞ്ഞുമ്മൽ ബോയ്‌സ്’, ‘ബൊഗൈൻവില്ല’, ‘പ്രേമലു’ ടീം, കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മറ്റ് എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എനിക്ക് അവിസ്മരണീയമായ ഒരനുഭവം സമ്മാനിച്ച ‘ഭ്രമയുഗ’ത്തിന്റെ മുഴുവൻ ടീമിനും വലിയ നന്ദി. കൊടുമൺ പോറ്റിയെ ഇത്രയധികം സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്ക് ഈ അംഗീകാരം വിനയപൂർവ്വം ഞാൻ സമർപ്പിക്കുന്നു’– മമ്മൂട്ടി കുറിച്ചു.

കഴിഞ്ഞ ദിവസം തൃശൂര് വെച്ച് മന്ത്രി സജി ചെറിയാനാണ് 55 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. ആസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിലൂടെ ഷംല ഹംസയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത്.

128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.