“വേടന് നൽകിയ പുരസ്‌കാരം അന്യായം, ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണം”; ദീദി ദാമോദരൻ

','

' ); } ?>

വേടന് നൽകിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും തുറന്നടിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. കൂടാതെ കോടതി കയറിയാൽ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ദീദിയുടെ വിമർശനം.

“വിയർപ്പ് തുന്നിയിട്ട കുപ്പായം” എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഡകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം. കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്‌ഥരാണ്”.ദീദി ദാമോദരൻ പറഞ്ഞു.

ലൈംഗികപീഡനം ഉൾപ്പടെയുള്ള കേസുകൾ വേടന് എതിരെ നിലനിൽക്കുമ്പോൾ സംസ്ഥാന ബഹുമതി നൽകുന്നത് ഉചിതമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ നിർമ്മാതാവും സംവിധായകനുമായ കെ.പി. വ്യാസൻ വേടനെതിരെ രംഗത്ത് വന്നിരുന്നു. വേടൻ്റെ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ എന്തുമാത്രം ബഹളമുണ്ടാകുമായിരുന്നെന്നും, ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്‌ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്‌തിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയക്കുകയായിരുന്നു. ഗവേഷകവിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലും വേടൻ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടൻ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും വേദന പ്രതിയാണ്. ഇത്തരം ആരോപണം നേരിടുന്നവർക്ക് അവാർഡ് നൽകുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മഞ്ഞുമ്മൽ ബോയ്‌സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടൻ്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിൻ്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാർഡ് എന്നായിരുന്നു വേടൻ്റെ പ്രതികരണം. യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്”-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് വിശദീകരിച്ചതിങ്ങനെയാണ്.