‘മമ്മൂട്ടി’ എന്ന നിത്യ വിസ്മയം..

പ്രായത്തെ നിഷേധിക്കുന്ന സൗന്ദര്യം കൊണ്ട് മമ്മൂട്ടി എന്ന നടന്‍ ഇന്ന് തന്റെ 68ാം വയസ്സ് തികയുമ്പോഴും എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ ഈ സൗന്ദര്യത്തെയൊക്കെ മറികടക്കുന്നത് മമ്മൂട്ടി എന്ന നടന്‍ തന്നെയാണ്. മലയാളത്തില്‍ ഇന്ന് വരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രങ്ങളില്‍ ഏറെയെണ്ണവും സമ്മാനിച്ചിരിക്കുന്നത് ഒരു പക്ഷെ അദ്ദേഹം തന്നെയായിരിക്കും. ഇന്ന് യുവാക്കള്‍ക്കൊപ്പം മലയാള സിനിമയുടെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹം ചുറുചുറുക്കോടെ നില്‍ക്കുമ്പോഴും മമ്മൂട്ടി എന്ന നടന്‍ പുതിയ പരീക്ഷണങ്ങള്‍ തന്നെയാണ് തേടുന്നത്. അന്ന് തന്റെ പ്രായത്തിലേറും പക്വതയുള്ള കഥാപാത്രങ്ങളെങ്കില്‍ ഇന്ന് പ്രായത്തിനെ പിന്തള്ളുന്ന കഥാപാത്രങ്ങളിലൂടെ..

മലയാള സിനിമയ്ക്ക് പുതിയ ഒരു മാനം നല്‍കിയ ചിത്രങ്ങളാണ് തനിയാവര്‍ത്തനം, വാത്സല്യം, അമരം, മൃഗയ, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിവ. ഈ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ മലയാളത്തിലെ evergreen കഥാപാത്രങ്ങളായാണ് മാറിയത്. സിനിമയെ കൃത്യമായി അവലംബിക്കാനും അതിനൊപ്പം തന്നെ അതിനോടുള്ള ആരാധന തന്നില്‍ നിന്ന് തന്നെ കണ്ടെത്താനും അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല.. സിനിമയുടെ ആദ്യ കാലം തൊട്ട് ഇന്നും ഒപ്പമുള്ള സഹോദരനും സുഹൃത്തുമായ മോഹന്‍ ലാലിന് അതൊരനായാസമായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന് അതൊരഭിനിവേശമായിരുന്നു.. മോഹന്‍ലാല്‍ തന്റെ കഥാപാത്രങ്ങളെ ലാളിത്യത്തോടെയാണ് അവതരിപ്പിച്ചതെങ്കില്‍ മമ്മൂട്ടി അവരെ മനസിലാക്കിയത് നിരന്തര പരിശ്രമത്തിലൂടെയായിരുന്നു.

ഒരു നടനെ സംബന്ധിച്ച്‌ കഥാപാത്രങ്ങളുടെ പൂര്‍ണത വളരെ പ്രധാനപ്പെട്ടിരിക്കുന്നു.. പ്രശസ്ത സംവിധായകന്‍ ഫാസില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ലാലിനൊപ്പം അദ്ദേഹം പിടിച്ചു നില്‍ക്കുന്നത് എങ്ങനെയാണ് എന്ന്. സത്യത്തില്‍ അത് ശരി തന്നെയാണ്. ചെയ്ത കഥാപാത്രങ്ങളില്‍ ആരും മമ്മൂട്ടിയെ കണ്ടില്ല. കഥാപാത്രങ്ങളെ മാത്രമെ കണ്ടുള്ളു.. ന്യൂ ഡെല്‍ഹി, ഉണ്ട, പാലേരി മാണിക്യം, പഴശ്ശി രാജ, പ്രാഞ്ചിയേട്ടന്‍, വിധേയന്‍, ബിഗ് ബി, രാപ്പകല്‍, കോട്ടയം കുഞ്ഞച്ചന്‍, യാത്ര, രാജമാണിക്യം, പൊന്തന്‍ മാട, സേതുരാമയ്യര്‍ സിബിഐ, ദാദാ സാഹിബ്, പേരന്‍പ്, മേഘം, കാഴ്ച, ഒരു വടക്കന്‍ വീര ഗാഥ, ഹിറ്റ്‌ലര്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, മതിലുകള്‍, ബാബസാഹിബ് അംബേദ്കര്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ബി ആര്‍ അംബേദ്കറുടെ വേഷം അവതരിപ്പിച്ച ബാബസാഹിബ് അംബേദ്കര്‍(1999), വിധേയന്‍(1994), ഒരു വടക്കന്‍ വീര ഗാഥ(1989), പൊന്തന്‍ മാട(1994), മതിലുകള്‍(1989) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം നാഷണല്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹനായി. 2013ല്‍ ഇന്ത്യന്‍ സിനിമ 100ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മതിലുകള്‍ എന്ന അദ്ദേഹത്തിന്റെ ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ മികച്ച 25 അഭിനയപ്രകടനങ്ങളിലൊന്നായി ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തു.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയായ മാമാങ്കം, ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായെത്തുന്ന ഗാനഗന്ധര്‍വന്‍, ഷൈലോക്ക്‌ എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍.പുതിയ വേഷങ്ങളും പുതിയ തലങ്ങളുമായി അദ്ദേഹം തന്റെ അഭിനയ യാത്ര തുടരുകയാണ്….. ഇനിയും തനിക്ക് തന്നേത്തന്നെ പരീക്ഷിക്കാനുള്ള കഥാപാത്രങ്ങളെ തേടി.. മലയാളത്തിന്റെ നിത്യ വിസ്മയമായി…