
കളങ്കാവലിൽ വളരെ ചുരുക്കം പുരുഷ കഥാപാത്രങ്ങൾ മാത്രമേയുള്ളൂവെന്നും ബാക്കി മുഴുവനും സ്ത്രീ കഥാപാത്രങ്ങൾ ആണെന്നും മമ്മൂട്ടി. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഇല്ലെന്ന് പറയുമ്പോൾ സ്ത്രീകൾ മാത്രമുള്ള സിനിമ എടുത്തിരിക്കുകയായെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയിൽ വളരെ ചുരുങ്ങിയ പുരുഷ കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ബാക്കി മുഴുവനും സ്ത്രീ കഥാപാത്രങ്ങളാണ്. ഇത്രയും സ്ത്രീകൾ ഒന്നിച്ചഭിനയിച്ച സിനിമ ഉണ്ടാകില്ല ചിലപ്പോൾ. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഇല്ലെന്ന് പറയുന്നതിന് പകരം നമ്മൾ സ്ത്രീകൾ മാത്രമായുള്ള ഒരു സിനിമ എടുക്കുകയാണ്. അവർ എല്ലാവരും ഈ സിനിമയോട് സഹകരിച്ചു.’ മമ്മൂട്ടി പറഞ്ഞു.
‘ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസർത്തുകളും സ്വീകരിച്ച ഈ പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഈ കഥാപാത്രം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചത്. എന്റെ ആത്മവിശ്വാസത്തിന് നിങ്ങൾ കൂട്ടുനിൽക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വർഷമായി നിങ്ങളെ മാത്രം വിശ്വസിച്ചാണ്, രസിപ്പിച്ച് കൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത്. ഇനി അങ്ങോട്ടും അതിനുള്ള അവസരം ഉണ്ടാകട്ടെ എന്നാണ് ആഗ്രഹവും.’ മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.