
‘കളങ്കാവലിൽ’ താനാണ് വില്ലൻ എന്ന് വെളിപ്പെടുത്തി നടൻ മമ്മൂട്ടി. “സിനിമ കണ്ടിറങ്ങി പോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ലെന്നും, തനിക്കാദ്യം വന്ന പൊലീസ് ഉദ്യോഗസ്ഥന്റെ റോൾ തന്നെക്കാൾ നന്നായി വിനായകനാണ് നല്ലതെന്ന് തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ വെച്ച് നടന്ന ‘കളങ്കാവലിന്റെ’ പ്രീ റിലീസ് ഇവന്റിലാണ് തന്റെ കഥാപാത്രത്തെപ്പറ്റി മമ്മൂട്ടി മനസ്സ് തുറന്നത്.
“എന്നെ സംബന്ധിച്ച് സിനിമയല്ല പരീക്ഷണം, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഈ സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണ് നല്ലതെന്ന് തോന്നി,” മമ്മൂട്ടി പറഞ്ഞു.
ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറും ചടങ്ങിൽ പുറത്തിറക്കി. ഗംഭീര മുഹൂർത്തങ്ങൾ ചേർത്ത് ആരാധകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. കൊല്ലുക എന്നത് ഹരമായി മാറിയെന്ന് വിനായകൻ പറയുന്ന ഡയലോഗ് കൂടി ടീസറിൽ വന്നതോടെ ആകെ ആശയക്കുഴപ്പത്തിലായി, ആരാണ് നായകൻ ആരാണ് വില്ലൻ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ജോസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’.
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ട്രെയ്‌ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.