അഭിനയ നിറവിന്റെ 50 വര്‍ഷങ്ങള്‍

മമ്മൂട്ടി എന്ന പ്രതിഭ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം സെപ്റ്റംബര്‍ 7, 1951). കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എണ്‍പതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. 1971ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്‍ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് സാന്നിദ്ധ്യമറിയിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം, എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്.

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. അമല്‍ നീരദിന്റെ ‘ ഭീഷ്മപര്‍വം ‘ ആണ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. അതിനായി നീട്ടിയ താടിയും മുടിയും ഒരു വര്‍ഷം പിന്നിടുന്നു.

വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും തുടങ്ങി മമ്മൂട്ടിയുടെ വ്യത്യസ്തമായ പകര്‍ന്നാട്ടങ്ങള്‍ കണ്ട് വിസ്മയിച്ച ആരാധകര്‍ അദ്ദേഹത്തിന് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി. മോഹന്‍ലാല്‍ ആശംസയറിയിച്ചെഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം. ‘ഇന്ന് എന്റെ സഹോദരന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക’. പിന്നാലെ ആശംസയ്ക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ‘താങ്ക് യു ഡിയര്‍ ലാല്‍’ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ മമ്മൂട്ടി കുറിച്ചത്.