“ഇംഗ്ലീഷ് അധ്യാപകനും വക്കീലുമായിരുന്ന സുകുമാരന്റെ ഭാര്യക്ക് ഇംഗ്ലീഷ് അറിയാത്ത പ്രശ്‍നമില്ല”; മല്ലിക സുകുമാരൻ

','

' ); } ?>

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ, തന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പരിഹസിച്ചവർക്ക് ശക്തമായ മറുപടിയുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. സംഘടനയുടെ നിലപാടുകളെയും മുൻഗണനകളെയും വിമർശിച്ച് താൻ പങ്കുവെച്ച കുറിപ്പ് മകൻ പൃഥ്വിരാജ് എഴുതി നൽകിയതാണെന്ന തരത്തിൽ വന്ന സോഷ്യൽ മീഡിയ കമന്റുകൾക്കെതിരെയാണ് താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

തനിക്ക് വേണ്ടി ഒരു വരി പോലും എഴുതാൻ നാളിതുവരെ മക്കളോട് പറഞ്ഞിട്ടില്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. നാല് ഭാഷകൾ അത്യാവശ്യം കൈകാര്യം ചെയ്യാൻ തനിക്കറിയാമെന്നും, ഇംഗ്ലീഷ് അധ്യാപകനും വക്കീലുമായിരുന്ന അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യ എന്ന നിലയിൽ തന്റെ ഭാഷാജ്ഞാനം അത്ര മോശമാകാൻ വഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും ചോദ്യങ്ങളെ മകന്റെ ഇംഗ്ലീഷ് അറിവിനുള്ള പ്രശംസയായി കണ്ട് ഒരു അമ്മയെന്ന നിലയിൽ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും അവർ കുറിച്ചു.

ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്ന സുകുമാരൻ, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായി ആലോചിച്ച് തയ്യാറാക്കിയ ഒരു പ്രോജക്ട് ഫയൽ ഇന്നും തന്റെ കൈവശമുണ്ടെന്ന് മല്ലിക വെളിപ്പെടുത്തി. പുതിയ സർക്കാർ സിനിമയ്ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കണ്ടപ്പോൾ, പുതിയ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തി ഈ പ്രോജക്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഭരണനേതൃത്വത്തിലുള്ള ഒരു പ്രമുഖ വ്യക്തിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും, ഇതാണ് തന്റെ ഇംഗ്ലീഷ് കുറിപ്പിന്റെ പ്രധാന സാരാംശമെന്നും അവർ വിശദീകരിച്ചു. ഈ കത്ത് തയ്യാറാക്കാൻ തന്നെ നിർബന്ധിക്കുകയും ഒപ്പം നിൽക്കുകയും ചെയ്തത് ‘കൺമണി’ എന്ന സഹോദരിയാണെന്നും താരം വ്യക്തമാക്കി. മനോരമ ബാലജനസഖ്യമാണ് തന്നെ കലാകാരിയായും പ്രാസംഗികയായും വളർത്തിയതെന്നും അവർ ഓർമ്മിപ്പിച്ചു.

‘അമ്മ’ സംഘടനയിൽ നിന്നുള്ള രാജിക്കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് മല്ലിക സുകുമാരൻ ഔദ്യോഗികമായി അറിയിച്ചത്. “സ്നേഹപൂർവം പടിയിറങ്ങുന്നു… അമ്മയിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം…” എന്നായിരുന്നു രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.