
താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ച് നടി മല്ലികാ സുകുമാരൻ. മുൻ അധ്യക്ഷ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചാണ് മല്ലികാ സുകുമാരൻ സംഘടനയിൽ നിന്ന് പടിയിറങ്ങുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘സ്നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം.’ എന്നാണ് അവർ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിലുണ്ടായ വലിയ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതാ മേനോന് പിന്തുണയുമായി മല്ലികാ സുകുമാരൻ എത്തിയത്. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നതെന്ന് മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭരണസമിതിക്ക് വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും, തെറ്റ് പറ്റിയെന്ന് സമ്മതിച്ച് മറ്റുള്ളവർ രാജിവെക്കാൻ തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ശ്വേതാ മേനോൻ രാജിവെക്കാൻ നിർബന്ധിതയായതെന്നും മല്ലിക കൂട്ടിച്ചേർത്തു.