‘മാളികപ്പുറം’തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസിന്

കേരളത്തിലെ തിയറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്ന മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. ജനുവരി 6 മുതലാകും ഈ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണി മുകുന്ദന്‍ നന്ദി അറിയിക്കുകയും ചെയ്തു.

2022 ഡിസംബര്‍ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.മസിലളിയന്‍ എന്ന് മലയാളികള്‍ വിളിച്ച ഉണ്ണി മുകുന്ദന്‍ വേറിട്ട കഥാപാത്രങ്ങളുമായാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മേപ്പടിയാന്‍ എന്ന ചിത്രം ഉണ്ണിയുടെ കരിയറിലെ മികച്ചൊരു വഴിതിരിവ് ആയിരുന്നു. ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. മാളികപ്പുറത്തില്‍ പുത്തന്‍ രൂപവും ഭാവവുമായി ഉണ്ണി മുകുന്ദന്‍ എത്തിയപ്പോള്‍ അത് പ്രേക്ഷകരെ തിയറ്റില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. ഉണ്ണിയുടെ കരിയറിലെ മികച്ചൊരു ചിത്രമാകും മാളികപ്പുറം എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.