‘നല്ല സമയം’ പിന്‍വലിക്കുന്നു; ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്: ഒമര്‍ ലുലു

‘നല്ല സമയം’ എന്ന തന്റെ ചിത്രം തിയറ്ററില്‍ നിന്നും പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമര്‍ ലുലു അറിയിച്ചു.

ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദാർഥ് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.